കൊച്ചി.നടി അക്രമിക്കപ്പെട്ട കേസിൽ നെയ്യാറ്റിൻകര ബിഷപ്പിൻ്റെ മൊഴി എടുക്കും. രണ്ട് ദിവസത്തിനകം മൊഴി എടുക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനം.ദിലീപ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൻ്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ്.

നടി അക്രമിക്കപ്പെട്ട കേസിൽ തന്‍റെ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചുവെന്നും ഇത് പണം വേണമെന്നും ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചത്. .ഇതിനായി വൈദികനായ വിക്ടറും ഒരുമിച്ച് ബാലചന്ദ്രകുമാർ വീട്ടിൽ വന്നു കണ്ടു. പണം നൽകാതെ വന്നതോടെ ശത്രുതയായെന്നുമായിരുന്നു ദിലീപിൻ്റെ സത്യവാങ്മൂലം. ഈ അരോപണത്തിൻ്റെ നിജസ്ഥിതി മനസിലാക്കുന്നതിന് വേണ്ടിയാണ് നെയ്യാറ്റിൻകര ബിഷപ്പിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.

കേസിൽ നേരത്തെ നെയ്യാറ്റിൻകര ബിഷപ്പിൻ്റെ മൊഴി അന്വേഷണ സംഘം ശേഖരിച്ചിരിന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് വീണ്ടും മൊഴി എടുക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങിയത്. മൊഴിയെടുക്കാൻ ഹാജരാകണമെന്ന് കാട്ടി നെയ്യാറ്റിൻകര ബിഷപ്പിന് അന്വേഷണ സംഘം നോട്ടീസ് നൽകി.നേരത്തെ നോട്ടീസ് നൽകിയെങ്കിലും ബിഷപ്പ് മറുപടി നൽകിയിരുന്നില്ല. രണ്ട് ദിവസത്തിനകം ബിഷപ്പിൻ്റെ മൊഴി എടുക്കാനാണ് നിലവിലെ തീരുമാനം.ബിഷപ്പ് ഹൗസിൽ എത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്താനാണ് സാധ്യത.

കേസിൽ ബാലചന്ദ്രകുമാറിന്‍റെ സുഹൃത്തായ വൈദികൻ വിക്ടറിൻ്റെ മൊഴി നേരത്തെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാർ വിശ്വാസ്യതയുളള സാക്ഷിയാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് മൊഴി രേഖപ്പെടുത്തുന്നത്.