സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ നിരീക്ഷിക്കണമെന്ന് സംസ്ഥാന ഇൻറലിജൻസ് . ഇൻ്റലിജൻസ് റിപ്പോർട്ടിന് പിന്നാലെ പോലീസിനും തൊഴിൽവകുപ്പിനും ആഭ്യന്തരവകുപ്പ് നിർദേശം കൈമാറി .ചില സംഘടനകൾ സംസ്ഥാനത്ത് നടത്തുന്ന പ്രതിഷേധ സമരങ്ങളിൽ അതിഥി തൊഴിലാളികളെ എത്തിക്കുന്നതും നിരീക്ഷണത്തിൽ.

കേരളത്തിലെ അതിഥി തൊഴിലാളികളെന്ന വ്യാജേന ഐ എസ് ,അൽഖ്വയ്ദ പ്രവർത്തകർ എത്തിയിട്ടുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഇൻറലിജൻസ് വിഭാഗം പുതിയ ജാഗ്രത നിർദ്ധേശം കൈമാറിയിരിക്കുന്നത്. അതിഥി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ നിരീക്ഷിക്കണമെന്നാണ് സംസ്ഥാന ഇൻറലിജൻസ് റിപ്പോർട്ട് നൽകിയത്.

തൊഴിൽ വകുപ്പിനും പോലീസിനും ആഭ്യന്തരവകുപ്പ് നിർദേശം കൈമാറിയിട്ടുണ്ട്. ദേശവിരുദ്ധ സംഘടനകൾ സന്നദ്ധപ്രവർത്തനത്തിനെന്ന പേരിൽ തൊഴിലാളികൾക്കിടയിൽ കടന്ന് കയറുന്നുവെന്നാണ് ഇൻറലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. അതിഥി തൊഴിലാളികളെ സംസ്ഥാനത്ത് പ്രതിഷേധങ്ങൾക്കുപയോഗിക്കുന്ന രീതിയും ചില സംഘടനകൾ നടത്തുന്നു. അതിഥി തൊഴിലാളികൾക്ക് ഇടയിൽ ഇത്തരം തീവ്രസ്വഭാവമുള്ള സംഘടനകൾ ആശയ പ്രചരണം നടത്തുന്നത് തടയണമെന്നും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ കൊച്ചിയിൽ നടന്ന ചില പ്രതിഷേധങ്ങളുടെ ശൈലി കേന്ദ്ര – സംസ്ഥാന ഇൻറലിജൻസ് വിഭാഗം നിരീക്ഷിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഈ റിപ്പോർട്ട് ഇൻറലിജൻസ് നൽകിയതെന്നാണ് വിവരം.കഴിഞ്ഞ വർഷം എറണാകുളം പെരുമ്പാവൂരിൽ നിന്ന് ഐ എസ് ബന്ധമുള്ള അതിഥി തൊഴിലാളികളെ എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here