തിരുവനന്തപുരം .
സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ശുചിത്വവും ഗുണമേന്മയും പരിഗണിച്ചാകും ഭക്ഷണശാലകള്‍ക്ക് ഗ്രീന്‍ കാറ്റഗറി പദവി നല്‍കുക. ഇതിനായി ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ, സംസ്ഥാനത്തെ ഭക്ഷണശാലകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനകള്‍ ഇന്നും തുടരുകയാണ്.



സംസ്ഥാനത്തെ ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, ബേക്കറികള്‍ തുടങ്ങി ഭക്ഷണശാലകളില്‍ നല്ല ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ നിയമം കർശനമാക്കാക്കുകയാണ് ആരോഗ്യവകുപ്പ്.
ഇതിനായി ഭക്ഷണശാലകളെ ഗ്രീന്‍ കാറ്റഗറി വിഭാഗത്തിലാക്കുമെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. ഈ മാസം അവസാനത്തോടെ ഇതുസംബന്ധിച്ച് ഉത്തരവ് പ്രാബല്യത്തില്‍ വരും. ഗ്രീന്‍ കാറ്റഗറിയില്‍പ്പെടുന്ന ഹോട്ടലുകളുകളെയും റെസ്റ്റോറന്‍റുകളെയും സർക്കാർ വെബ്സൈറ്റിലുള്‍പ്പെടുത്തുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു.


സംസ്ഥാനത്തെ ഭക്ഷണശാലകളില്‍ ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് നേതൃത്വത്തിൽ പരിശോധനകള്‍ ഇന്നും തുടരുകയാണ്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തു.
ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി രാസവസ്തുക്കള്‍ കലർന്ന മത്സ്യവും നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ വരെ പഴകിയതും ഉപയോഗ ശൂന്യമായതുമായ 6205 കിലോഗ്രാം മത്സ്യമാണ് പരിശോധനയില്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്.