തൃശൂര്‍. ആവേശത്തിന്‍റെ അലകടലായി തൃശൂര്‍ തേക്കിന്‍കാട് മൈതാനം. മദംപൊട്ടിയ പൂരാമോദം അതായിരുന്നു തേക്കിന്‍കാട്. നാദവിസ്മയമായി മഠത്തില്‍വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവും കൊട്ടിക്കയറിയപ്പോള്‍
തെക്കോട്ടിറക്കവും കുടമാറ്റവും പകര്‍ന്ന ദൃശ്യഭംഗിയില്‍ ജനസാഗരം ഇരമ്പിയാര്‍ത്തു. പുലര്‍ച്ചെയാണ് പകല്‍ വെടിക്കെട്ട് നടക്കുക. നാളെ തിരുവമ്പാടി
പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപരിയുന്നതോടെ ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് സമാപനം കുറിക്കും.

നടുവിലാലും നായ്ക്കനാലും പിന്നിട്ട് തേക്കിന്‍കാട് മൈതാനിയിലേക്ക് നീളുന്ന തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യം. ആസ്വാദകര്‍ മതിമറന്ന നിമിഷം

ഉച്ചയ്ക്ക് ശേഷം വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞിമരച്ചോട്ടില്‍ കണ്ടത് പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിലുള്ള പാറമേക്കാവിന്‍റ മേളപ്പെരുക്കം. ജനസാഗരത്തെ വകഞ്ഞുമാറ്റി പാറമേക്കാവ് സംഘത്തിന്‍റെ തെക്കോട്ടിറക്കം.

തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരം വിട്ടിറങ്ങി അഭിമുഖമായി നിലയുറപ്പിച്ചതോടെ കുടമാറ്റത്തുടക്കം.

ഇടയ്ക്ക് പെയ്ത മഴയിലും അണയാത്ത ആവേശക്കടല്‍. രാവിരുട്ടിയിട്ടും കുടകളില്‍ മാറി മറഞ്ഞത് നിറഭേദങ്ങള്‍

രാത്രി മഴകനത്തില്ലെങ്കില്‍ ആകാശാമോദത്തിന്‍റെ വര്‍ണക്കാഴ്ച

രാത്രി ചടങ്ങുകളുടെ ആവര്‍ത്തനം, നാളെ തട്ടകത്തിന്‍റെ പൂരം. അതിന് ശേഷം ഉപചാരം ചൊല്ലിപ്പിരിയലോടെ അടുത്ത പൂരനാളിന്‍റെ പ്രഖ്യാപനം