88,000 പ്രൈമറി സ്കൂൾ അധ്യാപകർക്കുള്ള ഇ-ലാംഗ്വേജ് ലാബ് ഐടി പരിശീലനത്തിന് തുടക്കം

തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി ഹൈടെക് സ്കൂൾ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനായി കൈറ്റ് തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് സ്കൂളുകളിൽ പ്രയോജനപ്പെടുത്തുന്നതിനായി 88,000 അധ്യാപകർക്ക് അവധിക്കാലത്ത് നൽകുന്ന ദ്വിദിന ഐടി പരിശീലനത്തിന് തുടക്കമായി.

കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ സംസാരിക്കാനും എഴുതുവാനും അനുഭവങ്ങൾ പങ്കുവെയ്ക്കാനും രസകരമായ കഥകൾ കേൾക്കാനും വായിക്കാനും ധാരാളം പഠനപ്രവർത്തനങ്ങൾ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച്‌ ചെയ്യാനും ഇ-ലാംഗ്വേജ് ലാബിലൂടെ കഴിയും.

നിലവിൽ വിദ്യാലയങ്ങളിൽ ലഭ്യമായ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച്‌ ഇന്റർനെറ്റ് സൗകര്യം പോലും ആവശ്യമില്ലാത്തവിധം നടത്താവുന്ന വിധത്തിലാണ് ഇ-ലാംഗ്വേജ് ലാബ് ഉപയോഗിച്ചുള്ള പഠനപ്രവർത്തനങ്ങൾ. പത്ത് സെഷനുകളിലായാണ് ദ്വിദിന ഐ.ടി പരിശീലനം പ്രൈമറി അധ്യാപകർക്കായി ക്രമീകരിച്ചിരിക്കുന്നത്.

88,000 അധ്യാപകർക്ക് ഫീൽഡ്തല പരിശീലനത്തിനായി 96 സംസ്ഥാനതല റിസോഴ്സ് പേഴ്സൺമാരുടെ (എസ്.ആർ.ജി) നേതൃത്വത്തിൽ 990 ജില്ലാതല റിസോഴ്സ് പേഴ്സൺമാരെ (ഡി.ആർ.ജി) സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനം മുഴുവനായി 349 പരിശീലന കേന്ദ്രങ്ങളുണ്ട്.

അധ്യാപക പരിശീലനത്തിന് ഇപ്രാവശ്യം സമഗ്രമായ ഓൺലൈൻ ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റവും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തിനുള്ള രജിസ്ട്രേഷനും, ഷെഡ്യൂളിംഗും, ബാച്ച്‌ തിരിച്ചുള്ള അറ്റൻഡൻസ്, അക്വിറ്റൻസ്, സർട്ടിഫിക്കറ്റ് തയ്യാറാക്കലുമെല്ലാം ഇതുവഴിയാണ് നൽകുന്നത്. മെയ് 31 വരെ നീളുന്ന ഐടി പരിശീലനത്തിന് വിവിധ ബാച്ചുകളിലായി ഇതുവരെ 66,000 അധ്യാപകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ പരിശീലനകേന്ദ്രം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സന്ദർശിച്ച്‌ അധ്യാപകരുമായി ആശയവിനിമയം നടത്തി. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എസ്.എസ്.കെ ഡയറക്ടർ ഡോ.സുപ്രിയ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജയപ്രകാശ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Advertisement