ഇടുക്കി വാഗമണ്ണിലെ ഓഫ് റോഡ് റൈഡിൽ പങ്കെടുത്ത നടൻ ജോജു ജോർജ്ജിനെതിരേ കേസെടുത്ത് പോലീസ്. അനുമതിയില്ലാതെ ഓഫ് റോഡ് റൈഡ് നടത്തിയതിന് സ്ഥലം ഉടമയ്ക്കും സംഘടകർക്കുമെതിരെയും കേസെടുത്തു. സംഭവത്തിൽ നടപടി എടുക്കാൻ മോട്ടോർ വാഹന വകുപ്പും തീരുമാനിച്ചു. കെ എസ് യു വിൻറെ പരാതിയെ തുടർന്നാണ് നടപടി.


ജോജു ജോർജ് ഓഫ് റോഡ് റൈഡിൽ പങ്കെടുത്തുകൊണ്ടുള്ള ഈ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നാലെ കെഎസ് യു ഇടുക്കി ജില്ല പ്രസിഡൻറ് ടോണി തോമസ് ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടർക്കും, ജില്ലാ പോലീസ് മേധാവിക്കും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി. ഇതിൻറെ അടിസ്ഥാനത്തിലാണ് ജോജുവിനും, സ്ഥല ഉടമക്കും, സംഘാടകർക്കുമെതിരേയും പോലീസ് കേസെടുത്തത്.

അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചു എന്നതാണ് കേസ്. ഓഫ് റോഡ് അസ്സോസിയേഷൻ ഓഫ് കേരളയാണ് റൈഡ് സംഘടിപ്പിച്ചത്. വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലായിരുന്നു പരിപാടി.

ഓഫ് റോഡ് റൈഡുകൾ നിരോധിചുള്ള ഇടുക്കി കളക്ടറുടെ ഉത്തരവ് ലംഘിച്ചാണ് പരിപാടി നടത്തിയത്. ഏതൊക്കെ വകുപ്പുകളുടെ ലംഘനം ഉണ്ടായി എന്നത് മോട്ടോർ വാഹന വകുപ്പും അന്വേഷിക്കുന്നുണ്ട്. ജോജു ജോർജിനും സംഘാടകർക്കും മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകും. അതേ സമയം എല്ലാ വിധ സുരക്ഷ സംവിധനങ്ങളും ഒരുക്കിയിരുന്നുവെന്നും പരിചയ സമ്പന്നരായ ആളുകളാണ് വാഹനം ഓടിച്ചതെന്നും സംഘാടകർ പറഞ്ഞു. സ്വകാര്യ സ്ഥലമായതിനാൽ അനുമതി വാങ്ങേണ്ടതില്ലെന്നും ഇത്തരം സാഹസിക പരിപാടികൾക്ക് അനുമതി നൽകാൻ പ്രത്യേക സംവിധാനം ഇല്ലെന്നുമാണ് ഇവരുടെ പ്രതികരണം. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും സംഘാടക സമിതി ആരോപിച്ചു.

.