കൊച്ചി:
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത .ഇന്നലെ നാല് മണിക്കൂറോളം നേരം ഇവരെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ കാവ്യ നൽകിയ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ക്രൈംബ്രാഞ്ച് എഡിജിപി അടക്കമുള്ളവരുടെ അനുമതിയോടെയാകും തുടർ നടപടികൾ
കാവ്യ മാധവന്റെ മൊഴികളിൽ ചില പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയോട് കാവ്യ മാധവനും ദിലീപിനും മുൻവൈരാഗ്യമുണ്ടായിരുന്നുവെങ്കിൽ ഇതിന് കാരണം എന്താണ് എന്തടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
ഒരു മാസം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്നലെ കാവ്യ മാധവനെ ചോദ്യം ചെയ്തത്. ആദ്യം രണ്ട് തവണ നോട്ടീസ് നൽകിയിട്ടും കാവ്യ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇന്നലെ കാവ്യയുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്.
കേസിൽ കാവ്യയുടെ ജീവനക്കാരനായിരുന്ന സാഗറിന്റെയും പൾസർ സുനിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കേസിൽ കാവ്യ മാധവൻ പ്രതിയാകുമോ എന്നതാണ് ഇനി ഉയരുന്ന ചോദ്യം.