ന്യൂഡൽഹി:
ആക്രമണത്തിനിരയാകുന്ന ദൃശ്യങ്ങൾ വിചാരണക്കോടതിയിൽ നിന്ന് ചോർന്നുവെന്ന ആശങ്കയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടലാവശ്യപ്പെട്ട് അതിജീവിത.

ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. വിചാരണ കോടതി ജഡ്ജിയിൽ അവിശ്വാസവും അതിജീവിത രേഖപ്പെടുത്തി. നിസഹായാവസ്ഥയിലുള്ള സ്ത്രീയാണെന്നും, നീതിയുടെ വാതിലിൽ മുട്ടാൻ മാത്രമേ തനിക്ക് കഴിയുകയുള്ളുവെന്നും അതിജീവിത വ്യക്തമാക്കി.

നടി ആക്രമണത്തിനിരയായ കേസിൽ വിവാദം തുടരുന്നതിനിടെയാണ് അതിജീവിത ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് കത്തയച്ചത്. വിചാരണക്കോടതിയുടെ പക്കലുള്ള മെമ്മറി കാർഡിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നോ, തിരിമറി നടന്നോ തുടങ്ങിയവ അന്വേഷിക്കണം. മെമ്മറി കാർഡിൽ തിരിമറി നടന്നോയെന്ന കാര്യം അന്വേഷിച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ കേസിനെ പ്രതികൂലമായി ബാധിക്കും.

ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിടണം. ഹൈക്കോടതി അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ റിപ്പോർട്ട് വിളിച്ചുവരുത്തി നടപടിയെടുക്കണം. വിചാരണ കോടതി ജഡ്ജി വസ്തുതകൾ മറയ്ക്കാൻ ശ്രമിക്കുന്നുവെന്ന് ഭയക്കുന്നു. കോടതി ജീവനക്കാരെ രക്ഷിക്കാൻ അന്വേഷണം ഒഴിവാക്കുമോ എന്നും ആശങ്കയുണ്ട്.

സാക്ഷി വിസ്താരത്തിനിടയിൽ പ്രതിഭാഗം അഭിഭാഷകർ തന്നെ അപമാനം കൊണ്ട് മൂടിയപ്പോൾ ജഡ്ജി മൂകസാക്ഷിയായി ഇരിക്കുകയായിരുന്നു. മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വിചാരണക്കോടതിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടി. ദൃശ്യങ്ങളിൽ തിരിമറി നടന്നിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.