തൃശൂര്‍ :പൂരത്തിന്റെ ഏറ്റവും ആകര്‍ഷകമായ കുടമാറ്റത്തിനിടയില്‍ സവര്‍ക്കറുടെ ചിത്രം തിരുകിക്കയറ്റാനുള്ള നീക്കം ആസൂത്രിതമെന്ന് വ്യക്തം. കുടമാറ്റത്തിന് സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം ആലേഖനം ചെയ്ത കുടകള്‍ എന്ന ആശയം പാറമേക്കാവ് ദേവസ്വത്തോട് നിനിര്‍ദേശിച്ചത് നടന്‍ സുരേഷ് ഗോപിയാണെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് വെളിപ്പെടുത്തിയതോടെ ഗൂഡാലോചന വ്യക്തമായി. പാറമേക്കാവ് പ്രസിഡന്റ് സതീഷിനോടും സെക്രട്ടറി രാജേഷിനോടും ഇത്തരമൊരു ആശയം വച്ചത് സുരേഷ് ഗോപിയായിരുന്നു. ആ കുടകള്‍ അടങ്ങിയ ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനും സുരേഷ് ഗോപി എത്തിയിരുന്നു. കുട വിവാദമാവുകയും വിമര്‍ശനങ്ങള്‍ ശക്തമാവുകയും ചെയ്തതോടെ ഈ കുടകള്‍ പ്രദര്‍ശനത്തില്‍ നിന്ന് നീക്കം ചെയ്തതോടെ ഇതുസംബന്ധിച്ച വിവാദങ്ങള്‍ക്ക് തത്കാലം അറുതിയായി.
സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങള്‍ക്കൊപ്പം വി ഡി സവര്‍ക്കറുടെ ചിത്രം ആസൂത്രിതമായി ഉള്‍പ്പെടുത്തി പൊതു സ്വീകാര്യത നേടുകയും പൂരത്തിന്റെ മറവില്‍ സംഘപരിവാര്‍ താല്‍പര്യങ്ങള്‍ ഒളിച്ചു കടത്തുകയുമായിരുന്നു ലക്ഷ്യം. ആസാദി എന്ന് പേരിട്ടിരിക്കുന്ന കുടയില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമൊപ്പമാണ് സവര്‍ക്കറെയും ഉള്‍പ്പെടുത്തിയത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികള്‍ക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖര്‍ ആസാദിനുമൊപ്പമായിരുന്നു സവര്‍ക്കറുടെ ചിത്രവും പ്രതിഷ്ഠിച്ചത്.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ രാജനും സര്‍ക്കാരിന്റെ അതൃപ്തി ദേവസ്വത്തെ അറിയിച്ചതിന് പിന്നാലെയായിരുന്നു കുടകള്‍ പിന്‍വലിച്ചത്. ഡി വൈ എഫ് ഐ, യൂത്ത് കോണ്‍ഗ്രസ്, പുരോഗമന കലാ സാഹിത്യ സംഘം തുടങ്ങിയ സംഘടനകളെല്ലാം സവര്‍ക്കര്‍ ചിത്രമുള്ള കുടക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും മഹാത്മജി വധക്കേസില്‍ പ്രതിയാവുകയും ചെയ്ത ഒരാളുടെ ചിത്രം പൂരത്തിന്റെ കുടപ്പുറത്ത് എഴുന്നള്ളിക്കാനുള്ള നീക്കം ചെറുത്തു തോല്‍പ്പിക്കണമെന്നു പുരോഗമന കലാ സാഹിത്യ സംഘം ആവശ്യപ്പെട്ടിരുന്നു. ഒറ്റുകാരന് അകമ്പടിയായി ചട്ടമ്പിസ്വാമികള്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയ ചില നവോത്ഥാന, ദേശീയ നായകരുടെ ചിത്രങ്ങള്‍ കൂടി ആലേഖനം ചെയ്തതും അപലപിക്കപ്പെട്ടു.