എന്റെ തൊഴിൽ എന്റെ അഭിമാനം’ കുടുംബശ്രീ സർവേക്ക് വൻ സ്വീകാര്യത; ഇതുവരെ രജിസ്റ്റർ ചെയ്തത് 5.91 ലക്ഷം പേർ

തിരുവനന്തപുരം: നോളജ് ഇക്കണോമി മിഷനിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച സർവേയ്ക്ക് തൊഴിൽ അന്വേഷകരിൽ നിന്നും മികച്ച സ്വീകരണം.

മെയ് എട്ടിന് രാവിലെയാണ് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സർവ്വെ ഉദ്ഘാടനം ചെയ്തത്. മെയ് ഒമ്പതിന് രാവിലെ 11.30 വരെയുള്ള കണക്കുകൾ പ്രകാരം 5,91,693 തൊഴിലന്വേഷകരാണ് രജിസ്റ്റർ ചെയ്തത്. 8,68,205 വീടുകൾ സന്ദർശിച്ചതിൽ നിന്നാണ് ഇത്രയും പേരുടെ വിവരങ്ങൾ ലഭ്യമായത്.

ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് തൃശൂർ ജില്ലയിലാണ്. 1,46,905 പേർ അവിടെ രജിസ്റ്റർ ചെയ്തു. 86,111 പേരുടെ വിവരശേഖരണം പൂർത്തിയാക്കി കൊല്ലം ജില്ലയാണ് രണ്ടാമതുള്ളത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച്‌ എറണാകുളം ജില്ലയിൽ സർവേ തുടങ്ങിയിട്ടില്ല. പദ്ധതി പ്രകാരം അടുത്ത ഒരു വർഷത്തിനുള്ളിൽ അഭ്യസ്തവിദ്യരായ പത്തു ലക്ഷം തൊഴിലന്വേഷകരുടെ വിവരശേഖരമാണ് ലക്ഷ്യമിടുന്നത്. എന്നാൽ സർവേയുടെ രണ്ടാം ദിനം തന്നെ അഞ്ചു ലക്ഷത്തിലേറെ പേർ രജിസ്റ്റർ ചെയ്തത് മികച്ച നേട്ടമായി കണക്കാക്കുന്നതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയ ഒരു ലക്ഷം എന്യൂമറേറ്റർമാർ വഴിയാണ് സംസ്ഥാനത്ത് വിവരണശേഖരണം പുരോഗമിക്കുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ എ.ഡി.എസ് ഭാരവാഹികളിൽ നിന്നും ഓക്‌സിലറി ഗ്രൂപ്പുകളിൽ നിന്നും തിരഞ്ഞെടുത്ത വനിതകളാണിവർ. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി രൂപകൽപന ചെയ്ത ‘ജാലകം’ മൊബൈൽ ആപ്‌ളിക്കേഷൻ വഴിയാണ് ഗുണഭോക്താക്കളുടെ വിവരശേഖരണം നടത്തുന്നത്.

ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ എന്യൂമറേറ്റർമാർ ഓരോ വീടുകളിലും നേരിട്ടെത്തി പ്‌ളസ്ടുവോ അതിലധികമോ വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. നോളജ് എക്കണോമി മിഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച്‌ എന്യൂമറേറ്റർമാർ നൽകുന്ന ലഘുലേഖയിലെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് ഗുണഭോക്താക്കൾ തങ്ങളുടെ വിവരങ്ങൾ ഓൺലൈൻ ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമായ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുന്നതാണ് പ്രവർത്തനരീതി. ഇതിന് എന്യുമറേറ്റർമാർ സഹായിക്കും.

സർവേയിലൂടെ കണ്ടെത്തിയ മുഴുവൻ ഗുണഭോക്താക്കളുടെയും വിവരങ്ങൾ ഈ ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തുവെന്ന് രണ്ടായിരത്തിലേറെ കമ്യൂണിറ്റി അംബാസഡർമാർ മുഖേന ഉറപ്പു വരുത്തും. അടുത്ത ഒരു വർഷത്തിനുളളിൽ പത്തു ലക്ഷം അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളെയെങ്കിലും ഈ ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യിക്കാനും ക്യാമ്പയിനൂലൂടെ ലക്ഷ്യമിടുന്നു. ഇതിന്റെ നേതൃത്വവും കമ്യൂണിറ്റി അംബാസഡർമാർക്കാണ്. സി.ഡി.എസ്തലത്തിൽ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയും ഇവർക്കായിരിക്കും. തൊഴിൽ അന്വേഷകരെ തേടി സർക്കാർ സംവിധാനങ്ങൾ വീടുകളിലേക്ക് എത്തുന്നത് രാജ്യത്ത് തന്നെ ആദ്യമായാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Advertisement