കൊച്ചി:
ബലാത്സംഗ കേസിൽ ദുബൈയിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനായി കോടതിയിൽ നിന്നും വാങ്ങിയ വാറന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. കഴിഞ്ഞ ദിവസമാണ് അഡീഷണൽ സിജെഎം കോടതിയിൽ നിന്ന് വാങ്ങിയ വാറന്റ് ആഭ്യന്തര മന്ത്രാലയത്തിന് നൽകിയത്. അറസ്റ്റ് വാറന്റ് ആഭ്യന്തര മന്ത്രാലയം വഴി ഇന്റർപോളിനും ദുബൈ പോലീസിനും കൈമാറും
വിജയ് ബാബുവിനെ കണ്ടെത്താൻ നേരത്തെ ഇന്റർപോളിന്റെ സഹായം തേടുമെന്ന് വാർത്തകളുണ്ടായിരുന്നു. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാറന്റ് ആഭ്യന്തര മന്ത്രാലയത്തിന് നൽകിയത്. ഇയാൾ എവിടെയാണെന്ന് കണ്ടെത്തി അറിയിക്കുന്നതിനാണ് വാറന്റ് ദുബൈ പോലീസിന് കൈമാറുന്നത്. 
പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും ഫോണിൽ വിളിച്ച് പുതുമുഖ നടിയെ സ്വാധീനിക്കാൻ വിജയ് ബാബു സഹായം തേടിയെന്ന സാക്ഷിമൊഴികൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ സിനിമാ രംഗത്തെ പലരെയും വിജയ് ബാബു സ്വാധീനിക്കുന്നതായും വിവരമുണ്ട്. അതേസമയം വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി മെയ് 18ന് പരിഗണിക്കും.