വയനാട്. പനമരം കുണ്ടാലയിൽ ബന്ധുവീട്ടിൽ താമസത്തിനെത്തിയ യുവ ദമ്പതികളിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ വാകേരി അബൂബക്കർ സിദ്ദിഖിൻ്റെ ഭാര്യ നിതാ ഷെറിൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അബൂബക്കർ സിദ്ദീഖിനെ പനമരം പോലീസ് കസ്റ്റിയിലെടുത്തു.

നിതയുടെ ബന്ധുവിന്റെ കുണ്ടാലയിലെ വീട്ടിൽ രണ്ട് വയസ്സുള്ള മകനുമായി ഇന്നലെ വൈകുന്നേരമാണ് ഇവർ എത്തിയത്. വീടിന്റെ മുകളിലെ മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. രാത്രിയിൽ കൃത്യം നടത്തിയ ശേഷം സിദ്ദീഖ് കോഴിക്കോടുള്ള സഹോദരൻ വഴി പോലീസിനെ വിവരമറിയിച്ചു.

പോലീസെത്തി വീട്ടുകാരെ വിളിച്ചുണർത്തിയപ്പോഴാണ് വീട്ടുടമയും കുടുംബവും സംഭവമറിഞ്ഞത്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.