വയനാട്. അമ്പലവയലിലെ റിസോർട്ടിൽ വെച്ച് കര്‍ണാടക സ്വദേശിനിയെ പീഡനത്തിനിരയാക്കിയെന്ന പരാതിയില് കൂടുതൽ പേർ പിടിയിൽ.
പിടിയിലായവരെ നാളെ തിരിച്ചറിയല് പരേഡിന് ഹാജരാക്കും .യുവതി പ്രതികളെ തിരിച്ചറിയുന്നപക്ഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ്.

അമ്പലവയല്‍ പൊട്ടംകൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോളിഡേ റിസോര്‍ട്ടിൽ ഏപ്രില്‍ 20നാണ് സംഭവം നടന്നത്. ജോലിക്കായെത്തിച്ച കര്‍ണാടക സ്വദേശിനിയെ കവര്‍ച്ച നടത്താനെത്തിയ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി.

റിസോര്‍ട്ടിലേക്ക് അതിക്രമിച്ചു കയറിയ മുഖംമൂടിധരിച്ച എട്ടംഗ സംഘത്തിലെ നാലുപേർ യുവതിയെ പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. കേസ് അന്വേഷിക്കുന്ന ബത്തേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം
റിസോര്‍ട്ട് നടത്തിപ്പുകാരായ ബത്തേരി സ്വദേശി ഷിധിന്‍ , വിജയന്‍ ,പുല്പള്ളി സ്വദേശി ജോജോ കുര്യാക്കോസ് എന്നിവരെ നേരത്തെ അറസ്റ്റ്ചെയ്തിരുന്നു. റിസോര്‍ട്ടിലേക്ക് അനാശാസ്യത്തിന് ഇടപാടുകാരെ എത്തിച്ചിരുന്ന റിസോർട്ട് നടത്തിപ്പുകാരുടെ സഹായി താമരശ്ശേരി മലപുറം പാറക്കണ്ടി ജുനൈദിനെയും പിന്നീട് അറസ്റ്റ് ചെയതു.

പീഡനത്തിൽ നേരിട്ട് പങ്കെടുത്ത കൂടതൽ പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ നാളെ തിരിച്ചറിയൽ പരേഡിന് ഹാജരാക്കും. യുവതി പ്രതികളെ തിരിച്ചറിയുന്ന പക്ഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ഒരുമാസം മുൻപാണ് കർണ്ണാടക സ്വദേശിയായ യുവതിയെ റിസോര്‍ട്ടില്‍ ജോലിക്കായി എത്തിച്ചത്. ഇവരെയിപ്പോള്‍ സഖി സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ബത്തേരി ഡിവൈ.എസ്.പി.കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.