കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എ.എൻ രാധാകൃഷ്ണൻ ബി ജെ പി സ്ഥാനാർത്ഥിയാകും. ആപ്പിനും, ട്വൊൻറി-20യ്ക്കും സ്ഥാനാർത്ഥിയില്ല.
ഇതോടെ തൃക്കാക്കരയിലെ മത്സരചിത്രം തെളിഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസും, എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: ജോ ജോസഫും ഇതിനകം പ്രചരണ രംഗത്ത് ഇറങ്ങി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ ശക്തമാക്കിയതിന് ശേഷം തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങാമെന്ന് ദേശീയ നേതൃത്വം പറഞ്ഞു. കേരള രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനൊരുങ്ങുന്ന ആപ്പിന് ആദ്യ മത്സരം ഉപതെരഞ്ഞെടുപ്പിലാകുന്നത് ഭാവികാര്യങ്ങൾക്ക് ഗുണം ചെയ്‌തേക്കില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം.
കേരളത്തിൽ 140 സീറ്റുകളും നേടുകയാണ് ലക്ഷ്യമെന്ന് ആപ് നേതാക്കൾ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിന്തുണ ആർക്കെന്ന് പിന്നീട് പ്രഖ്യാപിക്കും. പ്രഥമ പരിഗണന അംഗത്വ ക്യാമ്പയിനും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുമാണെന്നും ആപ് പറഞ്ഞു.