കൊച്ചി:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ കാര്യത്തിൽ ഇടപെടേണ്ടെന്ന് മന്ത്രി പി രാജീവിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഭയുടെ സ്ഥാപനത്തെ ദുരുപയോഗം ചെയ്തത് രാജീവാണ്. യുഡിഎഫിന്റെ അശ്വമേധമാണ് തൃക്കാക്കരയിൽ നടക്കുന്നത്. പിടിച്ചുകെട്ടാമെങ്കിൽ കെട്ടിക്കോയെന്നും സതീശൻ പറഞ്ഞു
ഞാൻ ഇവിടെ തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ അദ്ദേഹത്തിന് എന്താണ് ഇത്ര പ്രയാസവും പേടിയും. ഇത് എന്റെ അശ്വമേധമല്ല, യുഡിഎഫിന്റെ അശ്വമേധമാണ്. ഞങ്ങൾ അഴിച്ചുവിട്ടിരിക്കുന്ന കുതിരയെ പിടിച്ചുകെട്ടാൻ പറ്റുമെങ്കിൽ കെട്ടിക്കോയെന്നാണ് രാജീവിനോട് പറയാനുള്ളത്. സഭയെ അനാവശ്യമായി വലിച്ചിഴച്ചു. പക്ഷേ വെളുക്കാൻ തേച്ചത് പാണ്ടായി. അതിന് എന്റെ മേൽ കുതിര കയറേണ്ടെന്നും സതീശൻ പറഞ്ഞു
താൻ മാത്രമാണ് കോൺഗ്രസിലെ നേതാവ് എന്ന് തെളിയിക്കാനാണ് വി ഡി സതീശന്റെ ശ്രമമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. കോൺഗ്രസിൽ താൻ മാത്രമാണ് അവസാന വാക്ക് എന്ന് സ്ഥാപിക്കാനുള്ള തെരഞ്ഞെടുപ്പ് മാത്രമായിട്ടാണ് അദ്ദേഹം ഇതിനെ കാണുന്നതെന്നും രാജീവ് പറഞ്ഞിരുന്നു.