തിരുവനന്തപുരം. സംസ്ഥാനത്ത് കര്‍ഷകരെ ദുരിതത്തിലാക്കി കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയ്ക്ക് വില കുതിച്ചുയരുന്നു. കാലിത്തീറ്റയ്ക്ക് 1300 മുതൽ 1500 രൂപ വരെയും കോഴിത്തീറ്റയ്ക്ക് 1560 രൂപയുമാണ് വില. ചിലവിനനുസരിച്ച് പാലിനോ മുട്ടയ്ക്കോ വില കൂട്ടാനാകാത്തത് കര്‍ഷകരെ ദുരിതത്തിലാക്കുന്നുണ്ട്.

ലോണെടുത്തും കടം വാങ്ങിയും മേഖലയിലേക്ക് വന്ന ചെറുകിട കര്‍ഷകരാണ് വിലവര്‍ദ്ധനവിന്റെ ദുരിതം പേറുന്നത്. ചാക്കൊന്നിന് 940 രൂപ ആയിരുന്ന കോഴിത്തീറ്റയ്ക്ക്
ആറ് മാസം കൊണ്ട് 1560 രൂപ ആയി.100 കോഴിക്ക് ഒരു മാസം അഞ്ച് ചാക്ക് തീറ്റ വേണം. ഒരു മുട്ട 9 രൂപയ്ക്കെങ്കിലും വില്‍ക്കാതെ തരമില്ല. പക്ഷേ നിലവില്‍ വിറ്റ് പോകുന്നത് ഏഴിനും ഏഴര രൂപയ്ക്കുമാണ്.

കാലിത്തീറ്റയ്ക്ക് 1300 മുതൽ 1500 രൂപ വരെയാണ് ഇപ്പോഴത്തെ വില.
ഒരു മാസത്തിനുള്ളിൽ കൂടിയത് 110 രൂപ. സർക്കാരിന്റെയും സ്വകാര്യ കമ്പനികളുടെയും കാലിത്തീറ്റയ്ക്ക് വില വർധിച്ചു. പിണ്ണാക്കിനും, ധാന്യത്തിനും 15 രൂപ വീതവും വൈക്കോലിന് 250 രൂപ വരെയും കൂടി. ഉൽപാദന ചെലവ് കണക്കു കൂട്ടുമ്പോൾ ഒരു ലിറ്റർ പാലിന് 50 രൂപയിൽ കൂടുതൽ ചെലവ് വരും. തമിഴ്നാട് ലോബിയാണ് പ്രധാനമായും വിലവര്‍ദ്ധനവിന് പിന്നില്‍. നഷ്ടം താങ്ങാനാകാതെ ഫാമുകള്‍ക്ക് ഷട്ടറിടുകയാണ് പലരും.