തിരുവനന്തപുരം.ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മ്മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനഫലമാണ് പുറത്തുവന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഭക്ഷ്യ സുരക്ഷ വകുപ്പും,നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയില്‍ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 142 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. . 125 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കാസര്‍കോഡ് ചെറുവത്തൂരിലെ ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവുമാണ് കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 142 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 466 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്കയച്ചത്

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4010 പരിശോധനകളില്‍ 2014 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 458 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 5 സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ ശേഖരിച്ചു.

പരാതികളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും പരിശോധനയാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്.
ജില്ലയിലെ പത്ത് ഹോട്ടലുകള്‍ അടച്ചു പൂട്ടി.പതിനാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്.വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ അരലക്ഷം രൂപ പിഴയും ഈടാക്കി.കാസര്‍ഗോഡ് മാര്‍ക്കറ്റില്‍ തമിഴ്നാടില്‍ നിന്നെത്തിയ ലോറിയില്‍ നിന്നാണ് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ശക്തമായ പരിശോധനയാണ് കാസര്‍ഗോഡ് ജില്ലയില്‍ പുരോഗമിക്കുന്നത്.