ആലപ്പുഴ: അഞ്ച് മണിക്കൂർ കായൽ പരപ്പിലൂടെ ബോട്ടിൽ കറങ്ങാൻ സൗകര്യം ഒരുക്കുകയാണ് സംസ്ഥാന ജല​ ഗതാ​ഗത വകുപ്പിന്റെ ‘വേ​ഗ – 2’.​ 2020 ഡിസംബറിൽ സർവീസ് ആരം​ഭിച്ച ബോട്ടിന് ഇപ്പോൾ സഞ്ചാരികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ച്‌ വരുന്നത്.

സാധാരണ സർക്കാർ ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി ബോട്ടിന്റെ മുൻ ഭാ​ഗത്ത് നിന്ന് കുട്ടനാടിന്റെ കായൽ സൗന്ദര്യം ആസ്വദിക്കാനും വേ​ഗ – 2 യിൽ സൗകര്യമുണ്ട്.

സർക്കാരിന്റെ കീഴിലുള്ള ഈ ബോട്ട് ദിവസവും 11.30 ന് ആലപ്പുഴയിൽ നിന്നാണ് യാത്ര തിരിക്കുന്നത്. ‌പുന്നമടക്കായലിലൂടെയും, വേമ്ബനാട് കായലിലൂടെയുമാണ് സഞ്ചാരം. മുഹമ്മ, റാണി, ചിത്തിര, മാർത്താണ്ഡം, ആർ ബ്ലോക്ക്‌, മംഗലശ്ശേരി, കുപ്പപ്പുറം വഴി തിരികെ 4.30 ന് ആലപ്പുഴയിലെത്തും. പക്ഷി നിരീക്ഷകരുടെ പറു​ദീസയായ പാതിരാമണൽ ​ദ്വീപിൽ ഇറങ്ങി കാഴ്ചകൾ കാണാനും വേ​ഗ – 2 സൗകര്യമൊരുക്കുന്നുണ്ട്.

മലയാളി കുടുംബങ്ങളാണ് സഞ്ചാരികളിൽ കൂടുതലുമെന്ന് ജല​ ഗതാ​ഗതവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞതോടെ വിദേശികളും എത്തുന്നുണ്ട്. വെക്കേഷൻ തുടങ്ങിയപ്പോൾ സീറ്റുകൾ മുഴുവൻ വളരെ വേ​ഗം ബുക്കായി പോകുന്ന അവസ്ഥയുണ്ടെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

നോൺ എ സി യിൽ യാത്ര ചെയ്യാൻ 400 രൂപയും, എ സി യിൽ 600 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 100 രൂപ കൂടി കൊടുത്താൽ കുടുംബശ്രീ ഒരുക്കുന്ന നല്ല നാടൻ ഭക്ഷണവും കഴിച്ച്‌ പോരാം. മണിക്കൂറിൽ 25 കിലോമീറ്റർ ആണ് ബോട്ടിന്റെ വേഗം. 120 പേർക്ക് യാത്ര ചെയ്യാം. 40 എ സി സീറ്റും 80 നോൺ എ സി സീറ്റുമുണ്ട്. ലൈഫ് ജാക്കറ്റുൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ബോട്ടിൽ ഒരുക്കിയിട്ടുണ്ട്.

സീറ്റ് ബുക്ക് ചെയ്യാൻ…. 9400050322, 9400050325, 9400050327