ദുരൂഹ സാഹചര്യത്തിൽ ദുബൈയിൽ വെച്ച് മരിച്ച വ്ലോഗർ റിഫ മെഹ്‌നുവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പാവണ്ടൂർജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയ മൃതദേഹം സബ് കളക്ടർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് പുറത്തെടുത്തത്. പോസ്റ്മോർട്ടത്തിലൂടെ സത്യം പുറത്തു വരുമെന്ന് റിഫയുടെ കുടുംബം പ്രതികരിച്ചു.. പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്തും.

രാവിലെ പതിനൊന്നു മണിയോടെയാണ് റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.മൃതദേഹം കാര്യമായി അഴുകിയിട്ടില്ലാത്തതിനാൽ പോസ്റ്റ്‌ മോർട്ടം കോഴിക്കോട് മെഡിക്കൽകോളേജ് മോർച്ചറിയിൽ വെച്ച് നടത്താൻ ഫോറൻസിക് മേധാവി ഡോക്ടർ ലിസയുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചു. ഇതിനെ തുടർന്നാണ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്. മരണത്തിലേ ദുരൂഹത പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്നതായി റിഫയുടെ കുടുംബം പറഞ്ഞു. ഇന്നുതന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും

മാർച്ച്‌ ഒന്നിനാണ് ദുബൈ യിലെ ഫ്ലാറ്റിൽ റിഫയേ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി. മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പോസ്റ്റ്മോർട്ടം. റിഫയുടെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ കാക്കൂർ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. മാനസികവും ശാരീരികവുമായി ഉപദ്രവിക്കൽ, ആത്മഹത്യാ പ്രേരണകുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.