പത്തനംതിട്ട. പന്തളത്ത് വയലിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. പന്തളം മുളമ്പഴ സ്വദേശി വർഗീസ് ഫിലിപ്പിനെയാണ് ഇന്ന് രാവിലെ 7 മണിക്ക് വെങ്കുളത്തിൽ വയലിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയതും കൊലപാതകം എന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് വർഗീസ്

ഇന്ന് രാവിലെ 7 മണിയോടെയാണ് വെങ്കുളത്തെ വയലിന് സമീപത്തെ തോട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് ഇക്കാര്യം പന്തളം പോലീസിൽ അറിയിച്ചത്. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് മുളമ്പുഴ സ്വദേശി മൊട്ട വർഗീസ് എന്ന് വിളിക്കുന്ന വർഗീസ് ഫിലിപ്പാണെന്ന് തിരിച്ചറിഞ്ഞത്.

മൃതദേഹത്തിൽ സംഘർഷത്തിൽ പരിക്കേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടതോടെ ഫൊറൻസിക് സംഘവും , ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മരണപ്പെട്ട വർഗീസ് പതിനാറോളം ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പ്രദേശത്ത് ഇന്നലെ വർഗീസും , മറ്റൊരു സംഘവുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. ഈ സംഘർഷത്തിൽ വർഗീസിനും , സഹോദരനും തലയ്ക്ക് അടിയേറ്റിരുന്നു. പോലീസെത്തിയാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്.

തുടർന്ന് രാത്രി ആശുപത്രിയിൽ നിന്ന് തിരികെ എത്തിയ വർഗീസുമായി എതിർ സംഘം വീണ്ടും അടിയുണ്ടാക്കിയതായും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇതാണോ മരണത്തിന്റെ കാരണം എന്നും പോലീസ് പരിശോധിക്കുകയാണ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലത്തെ അടി പിടി കേസിൽ ഉൾപ്പെട്ടവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പന്തളം പോലീസ് അറിയിച്ചു.