മലപ്പുറം . നഷ്ടപ്പെട്ട ആധാരത്തിന്റെ പകർപ്പുനൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസിലെ രണ്ടു ജീവനക്കാരെ വിജിലൻസ് സംഘം പിടികൂടി. ഓഫീസ് അറ്റൻഡർമാരായ കിഴിശ്ശേരി ആലുങ്ങൽ കല്ലിടുമ്പൽ കെ. കൃഷ്ണദാസ്, മഞ്ചേരി നറുകര കൂംമഠത്തിൽ കെ. ചന്ദ്രൻ എന്നിവരാണ് പിടിയിലായത്. ഇരുവരെയും കോഴിക്കോട് വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു.


അരിമ്പ്രയിലെ അച്യുതൻകുട്ടിയുടെ അമ്മ പരേതയായ കാളങ്ങാടൻ ചിരുതക്കുട്ടിയുടെ പേരിലുള്ള 95 സെന്റ് സ്ഥലം തനിക്കും ആറു സഹോദരങ്ങൾക്കുമായി ഭാഗംചെയ്യാൻ ആധാരത്തിന്റെ പകർപ്പുകിട്ടാനാണ് അച്യുതൻകുട്ടി രജിസ്ട്രാർ ഓഫീസിനെ സമീപിച്ചത്. ശരിയായ ആധാരം നഷ്ടപ്പെട്ടുപോയി. 1975-ൽ നടന്ന ആധാരമാണ്. സ്ഥലം മോങ്ങം രജിസ്ട്രാർ ഓഫീസ് പരിധിയിലാണെങ്കിലും അന്ന് കൊണ്ടോട്ടി ഓഫീസ് പരിധിയിലായിരുന്നു. പഴയ ആധാരം കണ്ടുപിടിക്കുന്നതിന് 50,000 രൂപ നൽകണമെന്ന് കൃഷ്ണദാസും ചന്ദ്രനും ആവശ്യപ്പെടുകയായിരുന്നു.

വിലപേശലിനൊടുവിൽ 30,000 രൂപയ്ക്ക് കരാറുറപ്പിച്ചു. ആദ്യഗഡുവായി 10,000 രൂപ നൽകുന്നതിനു മുൻപാണ് വിജിലൻസുമായി പരാതിക്കാരൻ ബന്ധപ്പെട്ടത്.

വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ 500-ന്റെ കറൻസികളുമായി, വ്യാഴാഴ്ച രാവിലെ ഓഫീസിനുമുൻപിൽനിന്ന് തുക കൈമാറുന്നതിനിടെ മഫ്തിയിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ കൃഷ്ണദാസിനെയും ചന്ദ്രനെയും പിടികൂടുകയായിരുന്നു.

കൃഷ്ണദാസാണ് പണം വാങ്ങിയത്. വിജിലൻസ് വളഞ്ഞുവെന്നറിഞ്ഞതോടെ പണം വലിച്ചെറിഞ്ഞ് ഇയാൾ ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു. അച്യുതൻകുട്ടിയുടെ പരാതിയിൽ വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.