തിരുവനന്തപുരം.മെഡിക്കോ – ലീഗല്‍ പ്രോട്ടോകോളിലെ ഭേദഗതിക്ക് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. പൊലീസ് അറസ്റ്റ് ചെയ്യുന്നവരുടെയും റിമാൻഡ് തടവുകാരുടെയും വൈദ്യപരിശോധന 24 മണിക്കൂറിനുള്ളിൽ നടത്തണമെന്നത് നിർബന്ധമാക്കി. പൊലീസ് മർദനമോ മൂന്നാംമുറയോ നടന്നിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കണം. വനിതാ തടവുകാരെ വനിതാ ഡോക്ടേഴ്സ് തന്നെ പരിശോധിക്കണമെന്നും ഭേദഗതിയിലുണ്ട്.അറസ്റ്റിലായ വ്യക്തികള്‍,റിമാന്റ് തടവുകാര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതിയോടെയാണ് മെഡിക്കോ–ലീഗല്‍ പ്രോട്ടോകോളിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.പോലീസ് കസ്റ്റഡിയിലെടുക്കുന്ന പ്രതികളെയും,തടവുകാരെയും 24 മണിക്കൂറിനുള്ളില്‍ വൈദ്യപരിശോധന നടത്തണം.കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള മെഡിക്കൽ ഓഫീസർമാരാകണം പരിശോധാൻ നടത്തേണ്ടത്.അവരുടെ അഭാവത്തിൽ മാത്രം സ്വകാര്യ ആശുപത്രിയിലെ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർക്ക് പരിശോധിക്കാം.

വൈദ്യപരിശോധനക്ക് കൊണ്ടുവരുമ്പോൾ ഒ. പി രോഗികളുടെ ഇടയിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കണം.സ്ത്രീകളെ വനിതാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം.മുറിവുകളോ അക്രമത്തിലുള്ള അടയാളങ്ങളോ ഉണ്ടായാൽ ഏകദേശ സമയം രേഖപ്പെടുത്തി മെഡിക്കൽ എക്സാമിനേഷൻ റിപ്പോർട്ട് തയ്യാറാക്കണം.

പോലീസ് കസ്റ്റഡിയിലിരിക്കെ ഏതെങ്കിലും പീഡനങ്ങളോ ശാരീരിക അക്രമങ്ങളോ ഉണ്ടായെങ്കിൽ വിവരങ്ങൾ അറസ്റ്റിലായ വ്യക്തിയോട് ചോദിച്ച് മെഡിക്കൽ ഓഫീസർ രേഖപ്പെടുത്തണം.നിലവിൽ അസുഖ ബാധിതനാണോ, മുൻകാല രോഗബാധയുണ്ടോ എന്നീ വിവരങ്ങളും തേടണം. നിലവിൽ മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ അതുംരേഖപ്പെടുത്തണമെന്നും,മുറിവുകൾ കണ്ടെത്തുന്നതിന് ശരീരത്തിന്റെ സമഗ്ര പരിശോധന നടത്തണമെന്നും മന്ത്രിസഭാ യോഗം അനുമതി നൽകിയ മെഡിക്കോ – ലീഗല്‍ പ്രോട്ടോകോളിൽ പറയുന്നു.


പട്ടികജാതി – പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്കായി 12 തസ്തികകള്‍ വീതം സൃഷ്ടിച്ചുകൊണ്ട് തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേകം കോടതികള്‍ ആരംഭിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.