തിരുവനന്തപുരം:ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെ എസ് ആർ സിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ അർധരാത്രി മുതൽ 24 മണിക്കൂർ നേരത്തേക്ക് പ്രതിപക്ഷ സംഘടനകൾ പണിമുടക്ക് തുടങ്ങി.
30% ത്തോളം സർവ്വീസുകളെ പണിമുടക്ക് ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഒരു ദിവസം പണിമുടക്കിയാൽ അത് മൂന്ന് ദിവസത്തെ വരുമാനത്തെ ബാധിക്കുമെന്ന് മന്ത്രി ആൻ്റണി രാജു പറഞ്ഞു. ഇതിനിടെ മാനേജ്മെൻ്റ് ഡയസ്നോൺ പ്രഖ്യാപിച്ച് സമരക്കാരെ നേരിടുന്നു.


ഈ മാസം 10ന് ശമ്പളം നൽകുമെന്നാണ് ഇന്നലെ നടന്ന ചർച്ചയിൽ കോർപറേഷൻ സിഎംഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകൾ പറഞ്ഞു. ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ആത്മാർഥമായ ശ്രമമില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസ്സിലാക്കണം. ഇത് സൂചനാ സമരമാണ്. ഫലമില്ലെങ്കിൽ വലിയ പ്രക്ഷോഭം നടത്തുമെന്നും ഇവർ അറിയിച്ചു. സി.ഐ.റ്റി.യു പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുകയാണ്.എന്നാൽ സി.ഐ.റ്റി.യുവിലെ ഒരു വിഭാഗം സമരത്തിന് അനുകൂലമായി നിലപാടറിയിച്ചിട്ടുണ്ട്.