തീരസംരക്ഷണ സേന‍യ്ക്ക് കരുത്തേകി കൊച്ചിയിൽ ആദ്യ ജെട്ടി; വിപുലമായ സൗകര്യങ്ങളോടുകൂടി പ്രവർത്തനം തുടങ്ങി

കൊച്ചി: തീരസംരക്ഷണത്തിന് കരുത്തേകി തീരസംരക്ഷണ സേനയ്ക്ക് കൊച്ചിയിൽ ആദ്യ ജെട്ടി. വിപുലമായ സൗകര്യങ്ങളുമായി പുതിയ സംവിധാനം പ്രവർത്തനം തുടങ്ങി.

ഇതോടെ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാകുമെന്ന് തീരസംരക്ഷണ സേനാ ഡയറക്ടർ ജനറൽ വി.എസ്.പഠാനിയ പറഞ്ഞു.തന്ത്രപ്രധാനമായ കൊച്ചിയുടെ തീരത്ത് ശക്തി കൂട്ടുമ്പോഴും കപ്പലുകളും ബോട്ടുകളും ബെർത്ത് ചെയ്യാൻ സ്വന്തമായി സംവിധാനമില്ലാതെ ആയിരുന്നു തീരസംരക്ഷണ സേന പ്രവർത്തിച്ചിരുന്നത്.

കൊച്ചി തീരത്ത് കപ്പലുകളും ബോട്ടുകളും നിർത്തിയിടാൻ തീരസംരക്ഷണ സേനയ്ക്ക് സംവിധാനം ഇല്ലാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. നാവികസേനയുടെയും മറ്റും തുറമുഖങ്ങളെയാണ് ഇവർ ആശ്രയിച്ചിരുന്നത്. തീര സുരക്ഷ വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് മട്ടാഞ്ചേരിയിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് പുതിയ ജെട്ടി നിർമ്മിച്ചത്.

ഇന്ധനവിതരണം, ക്രെയിൻ, ശുദ്ധജലം തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. 2018 ൽ തുടങ്ങിയ നിർമ്മാണം കഴിഞ്ഞ മാർച്ചിലാണ് പൂർത്തിയാക്കിയത്. മിലിട്ടറി എൻജിനീയറിംദ് സർവ്വീസിനായിരുന്നു നിർമ്മാണ ചുമതല. 220 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ജെട്ടിയുടെ ഇരുവശത്തുമായി കപ്പലുകളും ബോട്ടുകളും നിർത്തിയിടാം.

Advertisement