ശക്തൻ തമ്പുരാന്റെ തട്ടകത്തിൽ പൂരം കൊടിയേറി; ഏഴാം നാൾ തൃശൂർ പൂരം

Advertisement

തൃശൂർ: ശക്തന്റെ മണ്ണിൽ തൃശൂർ പൂരത്തിന് കൊടിയേറി. ആദ്യം പാറമേക്കാവിലും തുടർന്ന് തിരുവമ്പാടിയിലുമാണ് കൊടിയേറ്റം നടന്നത്.

എട്ട് ഘടകക്ഷേത്രങ്ങളിൽ കൊടിയേറ്റ ചടങ്ങുകൾ പുരോഗമിക്കുകയാണ്.

രാവിലെ 9.45ഓടു കൂടിയാണ് പാറമേക്കാവ് ക്ഷേത്രത്തിൽ പൂരത്തിന് കൊടിയേറിയത്. പാരമ്പര്യ അവകാശികൾ ഭൂമിപൂജ നടത്തി പൂജിച്ച കൊടിക്കൂറ പാണിയകമ്പടിയിൽ കൊടിമരത്തിലുയർത്തി. മണികണ്ഠനാലിലെ ദേശപന്തലിലും ക്ഷേത്രത്തിന് മുന്നിലുള്ള പാലമരത്തിലും മഞ്ഞപ്പട്ടിൽ സിംഹമുദ്രയുള്ള കൊടിക്കൂറയും പാറമേക്കാവ് വിഭാഗം നാട്ടി.

തൊട്ടുപിന്നാലെയാണ് തിരുവമ്പാടിയിലും പൂരം കൊടിയേറിയത്. ദേശക്കാർ ഉപചാരപൂർവ്വം കൊടിമരം നാട്ടി. നടുവിലാലിലെയും നായ്‌ക്കനാലിലെയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയർത്തിയിട്ടുണ്ട്. കൊടിയേറ്റത്തിന് ശേഷം പെരുവനത്തിന്റെ നേതൃത്വത്തിൽ പാറമേക്കാവ് നിന്ന് പാണ്ടിക്കൊട്ടി കൊക്കർണിയിൽ ആറാടി തിരിച്ചെത്തി. ബ്രഹ്മസ്വം മഠത്തിലായിരുന്നു ഭഗവതിയുടെ ആറാട്ട് നടന്നത്.

മേയ് പത്തിനാണ് തൃശൂർ പൂരം. മെയ് എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്. മഹാമാരിക്ക് ശേഷം എല്ലാവിധ ചടങ്ങുകളോടെയും കൂടെ നടക്കുന്ന ആദ്യത്തെ പൂരമാണിത്.

Advertisement