മലപ്പുറം. സ്വന്തം മണ്ണിൽ നിന്നു തന്നെ ഏഴാം കിരീടം നേടാന്‍ കൊതിക്കുന്ന കേരളവും മുപ്പത്തി മൂന്നാം തവണയും കിരീടത്തിൽ മുത്തമിടാൻ തയ്യാറെടുക്കുന്ന ബംഗാളും തമ്മിലാണ് വാശിയേറിയ പോരാട്ടം. ഇന്ന് രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.

സന്തോഷ് ട്രോഫി ഫൈനലിൽ ഇതുവരെ കേരളവും ബംഗാളും ഏറ്റുമുട്ടിയത് മൂന്നു തവണ. 1989, 1994 വർഷങ്ങളിലെ കലാശപ്പോരിൽ ബംഗാളിനായിരുന്നു വിജയം. അതേസമയം 2018-ൽ നടന്ന ഫൈനലിൽ ബംഗാളിനെ അവരുടെ മൈതാനത്തുവെച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കേരളം കിരീടം ചൂടിയത്.
കേരളത്തിന്റെ 15-ാം ഫൈനലാണിത്. മറുവശത്ത് ബംഗാൾ നേട്ടങ്ങളിൽ ബഹുദൂരം മുന്നിലാണ്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ബംഗാളിന്റെ 46-ാം ഫൈനലാണ് ഇത്തവണത്തേത്. 32 തവണ അവർ ജേതാക്കളുമായി. സെമിയിൽ കർണാടകയ്ക്കെതിരേ തകർപ്പൻ ജയം നേടിയാണ് കേരളം കലാശപ്പോരിന് ടിക്കറ്റെടുത്തത്. ടൂർണമെന്റിൽ ഇതുവരെ കേരളം തോൽവിയറിഞ്ഞിട്ടില്ല.

മേഘാലയക്കെതിരേ സമനിലയിൽ പിരിഞ്ഞ മത്സരമൊഴികെയെല്ലാം ടീം ജയിച്ചുകയറി. മുന്നേറ്റത്തിലെ മികവ് തന്നെയാണ് കേരളത്തിന്റെ കരുത്ത്. ക്യാപ്റ്റൻ ജിജോ ജോസഫും അർജുൻ ജയരാജും മുഹമ്മദ് റാഷിദും അടങ്ങുന്ന മധ്യനിര ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച സംഘമാണ്. സൂപ്പർ സബ്ബായി എത്തുന്ന ടി.കെ ജെസിനും പി.എൻ നൗഫലും തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നു. സെമിയിൽ 30-ാം മിനിറ്റിൽ പകരക്കാരനായെത്തി അഞ്ചു ഗോൾ നേടിയ ജെസിൻ, ആദ്യ ഇലവനിൽ എം. വിഖ്നേഷിന് പകരമെത്താനും സാധ്യതയുണ്ട്. എങ്കിലും പ്രതിരോധത്തിലെ പാളിച്ചകൾ ടീമിന് തലവേദനയാണ്. സന്തോഷ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ബംഗാളും ടൂര്‍ണമെന്റില്‍ മികച്ച ആരാധക പിന്തുണയോടെ മുന്നേറുന്ന കേരളവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം കനക്കും. തീ പാറിക്കാന്‍ ഗ്യാലറിയും തിങ്ങിനിറയുമെന്നുറപ്പാണ്.