കേരളത്തെ അറിയാം: ചരിത്ര സ്മൃതികളുടെ കാഴ്ച്ച സമ്മാനിച്ച്‌ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്

കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ജില്ലാതല പ്രദർശന വിപണനമേളയിൽ കേരളത്തിന്റെ ചരിത്രസ്മൃതികളുടെ ആവേശം പകരുന്ന കാഴ്ച്ചാനുഭവം ഒരുക്കി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്.

ഹരിത കേരളം, സംരംഭക സൗഹൃദം കേരളം, ആരോഗ്യ കേരളം, നൈപുണ്യവികസനം, കേരള സ്റ്റാർട്ടപ്പ് മിഷൻ,കിഫ്ബി, കേരള പുനർനിർമാണം തുടങ്ങിയ വിവിധ പദ്ധതികളുടെ വീഡിയോ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ സ്‌ക്രീനിൽ തെളിയുന്നത് സമഗ്ര വികസനത്തിന്റെ മികവാർന്ന ചിത്രങ്ങൾ. മൺമറഞ്ഞ സാമൂഹികപ്രതിബദ്ധതയുള്ള കേരള നേതാക്കൾ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം, ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായി മാറിയ ലഹളകൾ എന്നിവയെ കുറിച്ചുള്ള അവബോധം ഇവിടുത്തെ പ്രദർശനങ്ങൾ പകർന്നേകും.

മലയാള ഭാഷയുടെ വികാസപരിണാമങ്ങൾ മനസ്സിലാക്കിത്തരുന്ന പ്രദർശനങ്ങൾ, മലയാളഭാഷയുടെ നാഴികക്കല്ലുകളായി മാറിയ സാഹിത്യകാരന്മാരും അവരുടെ പുസ്തകങ്ങളും ത്രീഡി വിഷ്വൽ എഫക്‌ട്റ്റിൽ ദർശിക്കാനാകും. കേരളത്തിന്റെ ഉന്നമനത്തിനായും വികസനം കൈവരിക്കാനും ആവശ്യമായ മേഖലകൾക്ക് ഊന്നൽ നൽകി മുന്നോട്ടുവെച്ച ആശയങ്ങൾ ആയ ഏവർക്കും പാർപ്പിടം,വയോജന സംരക്ഷണം, ലിംഗനീതി, സ്ത്രീ ശക്തീകരണം എന്നിവകൊണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ പ്രദർശനം ജനങ്ങൾക്ക് വ്യക്തമായ അറിവ് നൽകുന്നു.
മറ്റൊരു പ്രധാന ആകർഷണം കേരളം കണ്ട മാറ്റങ്ങളിൽ കൂടി ഒരു പ്രദിക്ഷണംമാണ്. കടയും കച്ചവടവും കാലങ്ങളിലൂടെ, ഒരു ജനത ജനാധിപത്യത്തെ അറിഞ്ഞ ചരിത്രം, കറുപ്പും വെളുപ്പും നിറഞ്ഞ റീലും ഡിജിറ്റൽ വർണ്ണങ്ങളും, മലയാളികളുടെ സംസാര ചരിത്രം, ആവി യന്ത്രത്തിൽ നിന്നും അതിവേഗത്തിലേക്ക്, ജനകീയ ഗതാഗതത്തിന്റെ പുതുവഴികൾ, ലോകനിലവാരത്തിൽ എത്തിയ ആരോഗ്യസംരക്ഷണ മാതൃക, നിലത്തെഴുത്തു നിന്നും ലാപ്‌ടോപ്പിലേക്ക്, സുവർണ്ണ നാരിന്റെ പരിണാമ ദശകൾ, വേഷവും സംസ്‌കാരവും:ഒരു തിരിഞ്ഞുനോട്ടം, ജലയാന ചരിത്രത്തിന്റെ കൈവഴികൾ, മാറിയ ശീലങ്ങളും വൈവിധ്യമാർന്ന ആചാരങ്ങളും, ഓർമ്മയിലെ ഓല കുടിൽ അടക്കമുള്ള മനോഹരമായ ചിത്രപ്രദർശനവും ഒരുക്കിയിരിക്കുന്നു.

കേരളത്തെ നയിച്ച നായകൻമാർ ഇഎംഎസ് നമ്പൂതിരിപ്പാട്, ആർ ശങ്കർ, പട്ടം താണുപിള്ള തുടങ്ങിയവർ തുടങ്ങി ഉമ്മൻചാണ്ടി, വി എസ് അച്യുതാനന്ദൻ, പിണറായി വിജയൻ വരെ എത്തി നിൽക്കുന്ന ആളുകളുടെ കട്ടൗട്ടുകൾ പുതുതലമുറക്ക് അറിവു പകരുംവിധം സജ്ജമാക്കിയിരിക്കുന്നു’. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനം, സാക്ഷരതാ പ്രസ്ഥാനം തുടങ്ങിയവയെപ്പറ്റിയുള്ള ചിത്രങ്ങളുമുണ്ട്.
കേരളത്തലെ 14 ജില്ലകളിലേയും ഭാഷാശൈലി ഒരൊറ്റ ക്ലിക്കിൽ അറിയാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിരിക്കുന്നു. സ്‌ക്രീനിൽ തന്നിരിക്കുന്ന കേരള ഭൂപടത്തിലെ ജില്ലകളിൽ ഏതിൽ തൊട്ടാലും ആ ജില്ലയിലെ ഭാഷാശൈലിയിൽ സ്‌ക്രീൻ നമ്മോട് സംസാരിക്കുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും വിദ്യാർഥികൾക്കും ചരിത്രകുതുകികളായ ഏവർക്കും അറിവിന്റെ പുതുലോകമാണ് കേരളത്തെ അറിയാം എന്ന തീം സ്റ്റാൾ.

Advertisement