മലപ്പുറം. കേരളത്തിന്റെ കാൽപ്പന്ത്കളിയുടെ വലിയപെരുന്നാള്‍ നാളെ . മലപ്പുറത്ത് എത്തിയ സന്തോഷ് ട്രോഫി പ്ലാറ്റിനം ജൂബിലി പതിപ്പിന്റെ കിരീടപ്പോരാട്ടം രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും.ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്നത് കേരളത്തിന്റെ ചിരവൈരികളായ പശ്ചിമബംഗാളാണ്.

കേരളത്തിന്റെ ഫുട്ബാളിന്റെ മക്കയായ മലപ്പുറത്തേക്ക് വിരുന്നെത്തിയ സന്തോഷ് ട്രോഫി ടൂർണമെന്റിന് നാളെ അവസാന വിസിൽ മുഴങ്ങുമ്പോൾ നാട് മുഴുവൻ ആവേശത്തിലാണ്. കടലുണ്ടിപ്പുഴയുടെ തീരത്ത് തലയെടുപ്പോടെ നിൽക്കുന്ന പുൽമൈതാനത്തിലെ വെള്ളിവെളിച്ചത്തിൽ നാളെ പതിനായിരങ്ങൾ ആർപ്പുവിളിക്കും. നോമ്പുകാലത്ത് തുടങ്ങിയ സന്തോഷ് ട്രോഫിയെ പക്ഷേ ഒരിക്കലും നോമ്പിന്‍റെ ആലസ്യം ബാധിച്ചില്ല. ചെറിയ പെരുനാള്‍ മാറിയെങ്കിലും നാടിന് ആവേശത്തിന്‍റെ വലിയ പെരുന്നാൾ സമ്മാനിച്ചാണ് അവസാനിക്കാനൊരുങ്ങുന്നത്.

നാളത്തേത് ജീവൻ മരണ പോരാട്ടമാണെന്നും വിജയം മാത്രമാണ് ലക്ഷ്യമെന്നും കേരള ടീം പരിശീലകൻ ബിനോ ജോർജ്.

ഫൈനൽ മത്സരം കഠിനമേറിയതാണെന്നും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവർ വിജയിക്കുമെന്ന് ബംഗാൾ പരീശീലകൻ രഞ്ജൻ ഭട്ടാചാര്യയും പറഞ്ഞു.

മലപ്പുറത്തിന്റെ മാരക്കാനയിൽ കേരളവും ബംഗാളും നേർക്കു നേർ വരുമ്പോൾ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെന്റിന് ഗംഭീരമായ ക്ലൈമാക്സാകും