മൂന്നാർപുഷ്‌പ മേളയ്‌ക്ക് വർണാഭമായ തുടക്കം

ഇടുക്കി: മൂന്നാർ പുഷ്‌പ മേളയ്‌ക്ക് വർണാഭമായ തുടക്കം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (ഡിടിപിസി) ആഭിമുഖ്യത്തിൽ മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിച്ച പുഷ്‌പ മേള മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

അഡ്വ എ രാജ എംഎൽഎ അധ്യക്ഷനായി. എം എം മണി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന്റെ രണ്ടാംഘട്ട വികസനം മുമ്പോട്ട് പോകുകയാണെന്നും മൂന്നാംഘട്ട നവീകരണത്തിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മൂന്നാറിനെ ടൂറിസം ഹബ്ബാക്കി മാറ്റാനുള്ള എല്ലാ പിന്തുണയും ടൂറിസം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകും. നിലവിലുളള ടൂറിസം കേന്ദ്രങ്ങളേയും പദ്ധതികളേയും പരിപാലിക്കുകയെന്നത് പ്രധാനമാണ്. പരിപാലനത്തിന്റെ കുറവ് ടൂറിസം മേഖലയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. അത് സഞ്ചാരികളുടെ എണ്ണം കുറയാൻ ഇടവരുത്തും. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിന് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് വകുപ്പ് രൂപം നൽകുന്നുണ്ട്.

Advertisement