വാഴക്കന്ന് ഇങ്ങനെ നട്ടാൽ വലിയ കുല വെട്ടാം… ചില പൊടിക്കൈകൾ

▪️വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.

▪️വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.

▪️ വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.

▪️വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.
▪️വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിര്‍വശത്തും ഉള്ള കന്നുകള്‍ നടാനുപയോഗിച്ചാല്‍ നല്ല വലിപ്പമുള്ള കുലകള്‍ കിട്ടും.
▪️ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.

▪️ നേന്ത്രവാഴക്കന്ന് ഇളക്കിയാല്‍ 15 – 20 ദിവസത്തിനുള്ളില്‍ നടണം.
മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3- 4 ദിവസത്തിനുള്ളില്‍ നടണം.
ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.

▪️അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.

▪️വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചിരുന്നാല്‍ അതില്‍ പുഴുക്കളുണ്ടെങ്കില്‍ അവ ചത്തുകൊള്ളും.

▪️വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.

▪️വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും.

▪️വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കിന്‍ കേട് തടയാം. നട്ടതിന് ശേഷം രണ്ടു പ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്ക് ഇടണം.


▪️വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്നു പ്രാവശ്യം അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുമ്പുരോഗം വരികയില്ല.

▪️ വാഴക്കുഴിയില്‍ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല്‍ കീടശല്യം കുറയും.

▪️വാഴയുടെ മാണപ്പുഴുക്കളെ നശിപ്പിക്കാന്‍ , പ്ലാസ്റ്റിക് ചാക്കുകള്‍ വെള്ളം നനച്ച് കുമ്മായപ്പൊടി തൂകി പിണ്ടിയില്‍ അധികം മുറുക്കാതെ കെട്ടിയുറപ്പിക്കുക. ഉണങ്ങിയ പോളകള്‍ മാറ്റിക്കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ആക്രമണം തുടങ്ങുമ്പോള്‍ തന്നെ ചെയ്താല്‍ ഏറ്റവും ഫലം കിട്ടും.

▪️കുരലപ്പ് വന്ന വാഴയുടെ കവിളില്‍ അഞ്ചു ഗ്രം വീതം വറുത്ത ഉലുവ വിതറുക ഭേദമാകും.
▪️ എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള്‍ എന്നിവ ഒഴിഞ്ഞു പോകാന്‍ ഉണങ്ങിയ പോളകള്‍ പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള്‍ കൂടു വക്കുന്നത്.

▪️വയല്‍ വരമ്പുകളില്‍ വാഴ നടുമ്പോള്‍ ഞണ്ടിന്റെ മാളത്തില്‍ നികക്കെ ചാണകവെള്ളം ഒഴിക്കുക. അവ ശ്വാസം മുട്ടി പുറത്ത് വരും. അപ്പോള്‍ പിടിച്ച് നശിപ്പിക്കാം.

▪️വാഴ മുളച്ചു വരുമ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ മഞ്ഞുവെള്ളം തോരുന്നതിനുമുമ്പ് ഓരോ നുള്ള് ചാരം കൂമ്പിലും കവിളിലും ഇട്ടുകൊടുത്താല്‍ പുഴുക്കളുടെ ശല്യം ഒഴിവാകും.
കുഴികളില്‍ നേന്ത്ര വാഴ നട്ടതിനു ശേഷം കുഴിക്ക് ചുറ്റും തകര നട്ടുവളര്‍ത്തിയാല്‍ വാഴയെ ബാധിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാം.

▪️വാഴയ്ക്കിടയില്‍ പയര്‍ വിതക്കുന്നത് വളരെ പ്രയോജനപ്രദമായ കള നിവാരണമാര്‍ഗ്ഗമാണ് .

▪️കുറുനാമ്പു രോഗം ഒഴിവാക്കാന്‍ വാഴ നടുന്ന സമയത്ത് 40 ഗ്രാം ഫുറഡാന്‍ ചുവട്ടിലും മൂന്നു മാസങ്ങള്‍ക്കു ശേഷം 20 ഗ്രാം ഫുറഡാന്‍ വീതം പോളകള്‍ക്കിടയിലും ഇടുക.

▪️ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് മാണപ്പുഴുവിന്റെ ഉപദ്രവം വളരെ കുറവായിരിക്കും. ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ക്ക് കുറുനാമ്പ് ഉണ്ടാകാനുള്ള സാധ്യതയും തീരെ കുറവാ‍ണ്.

▪️നേന്ത്രവാഴ കുലക്കാന്‍ എടുക്കുന്ന കാലം നടാന്‍ ഉപയോഗിക്കുന്ന കന്നിന്റെ മൂപ്പിനെ ആശ്രയിച്ചാണ്. മൂപ്പു കുറഞ്ഞ ചെറിയ കന്നുകള്‍ നട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മൂപ്പു കൂടിയവ നട്ടാല്‍ ‍ എല്ലാ വാഴകളും ഏതാ‍ണ്ട് ഒരേകാലത്ത് കുലക്കുന്നതാണ്. ▪️വാഴത്തോപ്പില്‍ വെയിലടി ഉള്ള ഇടങ്ങളില്‍ പോളിത്തീന്‍ ഷീറ്റുവിരിച്ചാല്‍ കളയുടെ വളര്‍ച്ച ഒഴിവാക്കാം.
▪️ ത്രികോണ രീതിയില്‍ നട്ടിട്ടുള്ള വാഴകള്‍ പരസ്പരം കയറു കൊണ്ടു കെട്ടിയാല്‍ കാറ്റു മൂലം മറിഞ്ഞു വീഴുന്നത് ഒഴിവാക്കാം.

▪️വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.

Advertisement