ഈ മേയ് മാസം നിങ്ങൾക്കെങ്ങനെ …

അശ്വതി: ദൂരയാത്രകൾ, അന്യദേശവാസം ഇവയ്ക്ക് സാധുതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും . വരവിനനുസരിച്ച് ചെലവു കൂടും വർദ്ധിക്കും. ശ്രദ്ധിച്ച് പണം ചെലവഴിക്കുക. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റത്തിന് സാധ്യത കാണുന്നു. സ്വയംതൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് പുരോഗതി വരും. ഗൃഹം മോടിപിടിപ്പിക്കാനാവും സന്താനങ്ങളുടെ കാര്യത്തിൽ നല്ല തീരുമാനങ്ങൾ എടുക്കുവാനും കഴിയും.

ഭരണി: പുതിയ ചില ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരാം. കടബാധ്യതക്ക് സാധ്യത കാണുന്നു. മാറ്റിവച്ചിരുന്ന പല കാര്യങ്ങളും നടപ്പിലാക്കാൻ ഒരുങ്ങും.ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം വരും. വിവാഹത്തിന് തടസ്സങ്ങളുണ്ടാവാം. ദീർഘയാത്രകൾ നടത്തേണ്ടിവരും. സമ്മർദ്ദങ്ങളെ നേരിടാൻ ശ്രമിക്കണം.

കാർത്തിക: രാഹുവിന്റെ സംക്രമണത്താൽ പ്രാരബ്ധങ്ങളേറും. വേഗത്തിൽ ചെയ്തുതീർക്കാം എന്നുകരുതിയവ പതുക്കെ മാത്രമേ പൂർത്തീകരിക്കാൻ കഴിയൂ. അന്യദിക്കിൽ നിന്നും ആശ്വാസവാർത്ത വന്നെത്തും. സാമ്പത്തിക കാര്യങ്ങളിൽ അബദ്ധം പറ്റാതെ നോക്കണം. രോഗങ്ങൾക്ക് ശമനമുണ്ടാകും.

രോഹിണി: ധനപരമായി നല്ല സമയമാണ്. നിക്ഷേപങ്ങളിൽ ആദായമേറും. അലച്ചിൽ കുറയും. വിദേശയാത്രക്ക് ഉചിതസമയമാണ്. കരാർപണികൾ ചെയ്യുന്നവർക്കും ചെറുകിട സംരംഭകർക്കും വരവേറും. ഭൂമിയോ സ്വത്തോ കൈവശം വരാം. ആരോഗ്യത്തിൽ ശ്രദ്ധ വേണം.

മകയിരം: സർക്കാരിൽ നിന്നും അനുകൂല മറുപടി കിട്ടും. തൊഴിൽ മേഖലയിൽ ശ്രദ്ധ കൂടുതൽ വേണ്ടതുണ്ട്. പ്രണയത്തിൽ വിജയിക്കും.വരവേറുമെങ്കിലും പാഴ്ച്ചെലവുകളും വരും. വിനോദയാത്രകൾ നടത്തും. ആഢംബരവസ്തുക്കൾ വാങ്ങിക്കൂട്ടും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്.

തിരുവാതിര: കടം വീട്ടാൻ കഴിയും. പിതാവിൽ നിന്നും പിന്തുണ കിട്ടും. രാഷ്ട്രീയപ്രവർത്തകർക്ക് നല്ല സമയമാൺ. മത്സരങ്ങളിൽ വിജയിക്കും. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയത്തിൽ ഉപരിപഠനത്തിന് അവസരമുണ്ടാകും. വിവാഹം ഉറയ്ക്കാൻ സാധ്യതയുണ്ട് . വാഹനം, വൈദ്യുതി ഇവ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം.

പുണർതം: ആരോഗ്യപരമായി തൃപ്തികരമായിരിക്കും . കുടുംബത്തിലെ ഐക്യം ഉണ്ടാകും. ഗൃഹം മോടി പിടിപ്പിക്കാനൊരുങ്ങും. ചിട്ടി, വായ്പ എന്നിവ അനുകൂലമാകും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നതവിജയം നേടും. ഉദ്യോഗസ്ഥർക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കും.

പൂയം: ശനിയുടെ അപഹാരം മൂലം അദ്ധ്വാനം ഏറും. അതിനനുസരിച്ച് വരുമാനം ഉണ്ടാവണമെന്നുമില്ല. ദൂരയാത്രകൾ മാറ്റിവെക്കുന്നതാവും ഉചിതം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ ക്ലേശിച്ചിട്ടാണെങ്കിലും പ്രതിരോധിക്കാനാവും. വ്യവഹാരകാര്യങ്ങൾ തീർപ്പാകാതെ നീളും. സൂക്ഷിച്ച് സംസാരിക്കണം.മനസ് നിയന്ത്രിക്കാൻ ശ്രമിക്കണം.

ആയില്യം: ധനപരമായ നേട്ടങ്ങൾ കൈവരുന്ന മാസമാണ്. കിട്ടാക്കടങ്ങൾ ലഭിച്ചേക്കും. യാത്രകൾ കൂടുതലായിട്ടുണ്ടാവും. ഒരു കാര്യത്തിലും അനാവശ്യമായ തിടുക്കം പാടില്ല. ആരോഗ്യപരമായി ശ്രദ്ധ വേണം. തീ, യന്ത്രങ്ങൾ, വാഹനങ്ങൾ എന്നിവയിൽ നിന്ന് അപകടം ഉണ്ടാകാതിരിക്കാൻ വളരെ ശ്രദ്ധിക്കുക.

മകം: തൊഴിലിൽ നേട്ടങ്ങൾ വരും. മേലധികാരികളുടെ പ്രീതി നേടും. ഉപരിപഠനത്തിന് താമസം നേരിടാം. വിവാഹാലോചനകൾ ഏഴിലെ ശനി മൂലം വൈകാം. കൂട്ടുകച്ചവടത്തിന് നല്ല സമയമല്ല. തിരിച്ചടി നേരിടാനുമിടയുണ്ട്. പിതാവിന് രോഗമുക്തിയുണ്ടാകും.

പൂരം: സർക്കാരിൽ നിന്നും ആനു കൂല്യം ലഭിക്കും. വായ്പ, ചിട്ടി മുതലായവ അനുവദിച്ചുകിട്ടും. ഗുരുജനങ്ങളുടെ അനുഗ്രഹം ലഭിക്കും . ദമ്പതികൾ തമ്മിൽ പിണങ്ങാനിടയുണ്ട്. വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കുക. പ്രണയ ബന്ധവും ദുർബലപ്പെടാം. അത്മനിയന്ത്രണം പാലിക്കുക.

ഉത്രം: ലക്ഷ്യബോധത്തോടെ പ്രവർത്തിക്കും. പരാജയങ്ങളിൽ നിന്നും ശക്തമായ തിരിച്ചുവരവുണ്ടാകും. ഉന്നതബന്ധങ്ങൾ പ്രയോജനം ചെയ്യും. പ്രണയകാര്യങ്ങളിൽ, ദാമ്പത്യത്തിൽ ഉദാസീനത പുലർത്തും. മക്കളുടെ ഭാവിയെക്കുറിച്ച് ചില ഉൽക്കണ്ഠകൾക്ക് ഇടയുണ്ട്.

അത്തം: ധനപരമായി ഭേദപ്പെട്ട കാലമാണ്. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.പുതിയ ജോലിയിൽ പ്രവേശിക്കും. ചില കൂട്ടുകെട്ടുകൾ ഒഴിവാകും. കടബാധ്യതയിൽ നിന്നും മോചനം നേടാൻ കഴിയും. കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാവും.

ചിത്തിര: കുടുംബത്തിൽ ഐക്യവും സന്തോഷവും കളിയാടും കർമ്മരംഗത്തിൽ ജാഗ്രത വേണം.സഹായിക്കാം എന്ന് വാക്കുതന്നവർ ശത്രുക്കളാവുന്ന സാഹചര്യമാണ്. അമളി പറ്റാം.വരവും ചെലവും തുല്യമായിരിക്കും.

ചോതി: പൊതു കാര്യങ്ങളിലുണ്ടാകുന്ന നേട്ടം വ്യക്തിജീവിതത്തിൽ സംഭവിച്ചുകൊള്ളണമെന്നില്ല. സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും.പുണ്യപ്രവൃത്തികൾക്ക് അവസരമുണ്ടാകും. പ്രമാണങ്ങളിലും കരാറുകളിലും ഒപ്പുവെക്കുമ്പോൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക

വിശാഖം: ഗുണദോഷസമ്മിശ്രമായ മാസമായിരിക്കും.നാലിലെ / അഞ്ചിലെ ശനി സ്ഥിതി ചില ചിന്താക്കുഴപ്പങ്ങൾ ഉണ്ടാക്കാം. ശരിതെറ്റുകൾ തിരിച്ചറിയാൽ പാടുപെടും. പഴയവീട് വാങ്ങുക, പുതുക്കുക തുടങ്ങിയവ ചില സാധ്യതകളാണ്. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. യാത്രകൾ കൊണ്ട്  നേട്ടമുണ്ടാകാനിടയുണ്ട്.

അനിഴം: .  ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. മക്കളുടെ ശ്രേയസ്സ് സന്തോഷം പകരും. പുണ്യപ്രവൃത്തികൾ ചെയ്യും.വാഹനം കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. വ്യവഹാരങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാം.കലാകാരന്മാർക്ക് ഉയർച്ചയുണ്ടാകാം. പുരസ്ക്കാരങ്ങൾ കിട്ടാനിടയുണ്ട്. ധന നേട്ടം ഉണ്ടാക്കും

തൃക്കേട്ട: കുടുംബത്തിൽ സൗഖ്യമുണ്ടാകും. ജീവിത നിലവാരം ഉയരും. പ്രണയസാഫല്യം, വിവാഹം ഇവയ്ക്ക് സാധ്യതയുണ്ട്. ദാമ്പത്യ ബന്ധം ദൃഢമാകും. ധനപരമായ നേട്ടങ്ങൾ ഉണ്ടാകാം. ചില സൗഹൃദങ്ങൾ ഉപേക്ഷിക്കുന്നത് ഗുണകരമാവും. ആരോഗ്യ കാര്യത്തിൽ ഗുണദോഷ സമ്മിശ്രമായിരിക്കും.

മൂലം: തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാക്കും.കച്ചവടത്തിൽ നേട്ടങ്ങളുണ്ടാവും. ചില പരിഷ്ക്കാരങ്ങൾ വീട്ടിലും വരുത്തും. സ്വയം തെറ്റുതിരുത്താനുള്ള തീരുമാനവുമെടുക്കും. വിദേശയാത്രകൾ, ഗൃഹനിർമ്മാണം, വാഹനം സ്വന്തമാക്കൽ ഇവ നടന്നേക്കാവുന്ന സമയമാണ്. കിടപ്പുരോഗികൾക്ക് ആശ്വാസമുണ്ടാവും. ഭൂസ്വത്തിൽ നിന്നും വരുമാനം ഉണ്ടാകും.

പൂരാടം: ജീവിതം സമാധാനപൂർണ മാകും . ദുരിതങ്ങൾ ഒഴിയും. ജീവിതത്തിൽ നവോന്മേഷം ഉണ്ടകും. നല്ല സൗഹൃദങ്ങൾ ഉണ്ടാവാം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ജോലി കിട്ടാൻ സാധ്യതയുണ്ട് . കരാർ പണികൾ/ ചെറുകിട സംരംഭങ്ങൾ എന്നിവ തുടങ്ങാൻ അനുകൂലമായ അന്തരീക്ഷമാണ്

ഉത്രാടം: സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. സജ്ജനങ്ങളുടെയും സഹോദരരുടെയും പിന്തുണയുണ്ടാകും. ആത്മനിയന്ത്രണം പാലിക്കണം. ശ്രദ്ധക്കുറവ് മൂലം ചില നഷ്ടങ്ങൾ തൊഴിലിൽ വരാനിടയുണ്ട്.  പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.

തിരുവോണം: ചെലവുകൾ നിയന്ത്രിക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും .
ഏജൻസി, ഊഹക്കച്ചവടം തുടങ്ങിയവയിൽ നിന്നും  ചെറിയ ലാഭം പ്രതീക്ഷിക്കാം. ദൂരയാത്രകൾക്ക് അവസരമൊരുങ്ങും – ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക

അവിട്ടം: ഭാവി കാര്യങ്ങളിൽ ഉചിതതീരുമാനങ്ങൾ കൈക്കൊള്ളും. എന്നാൽ സന്താനങ്ങളുടെ ഭാവികാര്യങ്ങളിൽ ആശയക്കുഴപ്പം തുടരാനിടയുണ്ട്. പുതിയസംരംഭങ്ങൾ തുടങ്ങും. നീണ്ടനാളത്തെ കേസുകൾ ഒത്തുതീർപ്പിലേക്ക് നീങ്ങാം. ആരോഗ്യം തൃപ്തികരമായിരിക്കും.

ചതയം:  വിദേശയാത്രയ്ക്ക് അവസരം വരും. വിദ്യാർത്ഥികൾക്ക് ഉപരിപഠനം സുഗമമാകും. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ സമചിത്തതയോടെ പരിഹരിക്കും.ആത്മീയകാര്യങ്ങൾക്ക് ധാരാളം സമയം കണ്ടെത്തും. ആരോഗ്യപരിശോധനകൾ ഒഴിവാക്കരുത്. ധനപരമായി ഉയർച്ച നേടും

പൂരുരുട്ടാതി: ശത്രുക്കൾ പ്രശ്നങ്ങൾ ഉണ്ടാക്കാം .ചിന്തിച്ച് പ്രവർത്തിക്കുക. ആരെയും അന്ധമായി വിശ്വസിക്കരുത്. അലസത മൂലം പല നഷ്ടങ്ങളുമുണ്ടാകാം. ചികിത്സാരീതി മാറുന്നത് രോഗശാന്തിക്ക് ഗുണപ്രദമാകും. യാത്രകൾ നീണ്ടുപോകാം. പുതിയ സംരംഭങ്ങൾക്ക് ധനസഹായം കിട്ടുന്നത് വൈകിയേക്കും.

ഉത്രട്ടാതി: അധികാരസ്ഥാനങ്ങൾ കൈവരും. കടം ഇല്ലാതാകും. രോഗശാന്തിയുണ്ടാകും. ശത്രുക്കൾ നിഷ്പ്രഭരാക്കും, പ്രണയജീവിതം സഫലമാവും. വിവാഹത്തിന് സാധ്യതയുണ്ട്. ആഡംബരത്തിന് പണം ചെലവഴിക്കും. വിദൂരദേശങ്ങളിൽ താമസിക്കാൻ ശ്രമം നടത്തുന്നവർക്ക് അതിനായേക്കും.വാഗ്‌ വിലാസം വർദ്ധിക്കും

രേവതി: ഗുണദോഷസമിശ്രമായ സമയം. പലതരം സമ്മർദങ്ങളിലൂടെ കടന്നുപോകേണ്ടി വരാം. ഈശ്വര പ്രാർത്ഥന മുടക്കരുത്. ധനനഷ്ടം സംഭവിക്കാം. ബിസിനിസിൽ നിന്നും ലാഭം കുറയുവാനിടയുണ്ട്. വിദേശത്തുനിന്നും ധനസഹായമോ പിന്തുണയോ ഉണ്ടാകും. രോഗങ്ങളിൽ നിന്നും ആശ്വാസമുണ്ടാകും

Advertisement