ബസില്‍ തിരക്കായതിനാല്‍ പിന്നിലെ വാതിലിലൂടെയാണ് കയറിയത്, പിന്നില്‍നിന്ന് ഒരാള്‍ തോണ്ടുന്നപോലെ, തിരിഞ്ഞുനോക്കിയപ്പോള്‍ തോണ്ടിയആള്‍ പിന്നിലേക്ക്‌…

കൊച്ചി: ഓടുന്ന ബസ്സില്‍ അബോധാവസ്ഥയിലായ യുവാവിന് നഴ്‌സായ സഹയാത്രിക രക്ഷകയായ കഥ ഇപ്പോള്‍ വൈറലാണ് പ്രഥമ ശുശ്രൂഷാ പാഠങ്ങള്‍ അറിയുമെങ്കില്‍ പോലും പ്രയോഗിക്കാന്‍ മടിക്കുന്നവര്‍ക്ക് ഈ അനുഭവ കഥ പാഠമാണ്. അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ നഴ്‌സ് അങ്കമാലി സ്വദേശിനി ഷീബ അനീഷിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് യുവാവിന്റെ ജീവന്‍ തിരിച്ചു പിടിക്കാനായത്.

ആശുപത്രിയിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ മടങ്ങുമ്‌ബോള്‍ 16നു രാവിലെ 9.15നു കെഎസ്ആര്‍ടിസി ബസിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്.

തിരക്കുണ്ടായിരുന്നതിനാല്‍ പുരുഷന്‍മാരുടെ ഭാഗത്തു കൂടിയാണ് ബസില്‍ കയറിയത്. മുന്നോട്ടു മാറി നില്‍ക്കാന്‍ ശ്രമിക്കുമ്‌ബോള്‍ പിന്നില്‍നിന്ന് ഒരാള്‍ തോണ്ടുന്നതു പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോഴാണ് ഒരു യുവാവ് പുറകിലോട്ടു മറിഞ്ഞു വീഴുന്നതു കാണുന്നത്. പിന്നിലുണ്ടായിരുന്നവരോടു പിടിക്കാന്‍ പറഞ്ഞെങ്കിലും അതിനു മുന്‍പേ വീണു കഴിഞ്ഞിരുന്നു. കൂടെയുള്ളവരോടു സഹായം തേടി കാലു ഫുഡ്‌ബോഡില്‍നിന്നു മാറ്റിവച്ചു കിടത്തി പള്‍സ് പരിശോധിച്ചെങ്കിലും ലഭിച്ചില്ല. ഓടുന്ന ബസിലായതു കൊണ്ടും പള്‍സ് കൃത്യം അറിയാന്‍ സാധിക്കാതെ വന്നു.

പള്‍സ് കിട്ടാതെ വന്നതോടെ സിപിആര്‍ നല്‍കാനാണ് തോന്നിയത്. നൂറോ സര്‍ജറി ഐസിയുവില്‍ ജോലി ചെയ്യുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും അടിയന്തര ചികിത്സ നല്‍കാനുള്ള മനസ്സുമായാണ് ജീവിക്കുന്നതെന്ന് ഷീബ പറഞ്ഞു. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാമെന്നു പറഞ്ഞെങ്കിലും ബസ് നിര്‍ത്താന്‍ പറ്റില്ലെന്ന നിലപാടാണ് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നുമുണ്ടായത്. സഹയാത്രികരോട് ഫോണ്‍ എടുത്തു തരാന്‍ പറഞ്ഞ് ആശുപത്രിയിലേക്കു വിളിച്ച് ഐസിയു ആംബുലന്‍സ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കി.

ആദ്യ സിപിആര്‍ കൊടുത്തതോടെ ആള്‍ അനങ്ങാന്‍ തുടങ്ങി. അങ്കമാലി എത്തും വരെ മൂന്നു പ്രാവശ്യം സിപിആര്‍ ചെയ്തു. ഇതിനിടെ യുവാവ് ഫിറ്റ്‌സിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. ശ്വാസം നന്നായി കിട്ടത്തക്കവണ്ണം കിടത്തി പ്രാഥമിക ചികിത്സകള്‍ നല്‍കി. ഇതിനിടെ ഉണര്‍ന്ന യുവാവ് ആദ്യം അമ്ബരന്നു. ‘എനിക്ക് എന്താണു പറ്റിയത്’ എന്നു ചോദിച്ചാണ് അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചത്. ആശുപത്രിയില്‍ കൊണ്ടു പോകണമെന്നു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അടുത്ത സ്റ്റോപ്പില്‍ നിര്‍ത്താമെന്നാണു ബസ് ജീവനക്കാര്‍ പറഞ്ഞത്.

അങ്കമാലിയില്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചു തുടര്‍ ചികിത്സ നല്‍കുകയായിരുന്നു. അങ്കമാലി സ്വദേശി വിഷ്ണു(24) ആണ് ബസില്‍ അബോധാവസ്ഥയിലായി ആശുപത്രിയിലായത്. ഇയാള്‍ക്ക് ഹൃദ്രോഗം പോലെയുള്ള പ്രശ്‌നങ്ങളില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. രണ്ടാഴ്ച കഴിഞ്ഞു പരിശോധനകള്‍ക്കായി എത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അറിഞ്ഞതായി ഷീബ പറഞ്ഞു.

എറണാകുളം മെഡിക്കല്‍ കോളജില്‍ ഉള്‍പ്പടെ ജോലി ചെയ്തുള്ള അനുഭവ പരിചയമാണ് പെട്ടെന്നൊരു അടിയന്തര സാഹചര്യത്തില്‍ ഇടപെടാനുള്ള ധൈര്യം നല്‍കിയതെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ ഏഴു മാസമായി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ ന്യൂറോ സര്‍ജറി ഐസിയുവിലാണ് ജോലി. ഭര്‍ത്താവ് പി.എസ്.അനീഷ് പിറവം ചിന്‍മയ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് ഡയറക്ടറാണ്.

Advertisement