ഇനി മുന്തിരിയെ മാറ്റി നിർത്തണ്ട,മുന്തിരിയിലെ വിഷം കളയാൻ ഇതാ ഒരടിപൊളി സൂത്രം

Advertisement

ഒരുപാട് പോഷകവസ്തുക്കളുടെ കലവറയായ മുന്തിരി ഉപേക്ഷിക്കപ്പെടുന്നത് നമ്മുടെ ആരോഗ്യസംരക്ഷണത്തിൽ വലിയ പോരായ്മ തന്നെയാണ് ,എല്ലാവർക്കും കഴിക്കാനും ജ്യൂസായി കുടിക്കാനും ഏറ്റവും പ്രിയപ്പെട്ട ഫ്രൂട്ടാണ് മുന്തിരി. മധുരം അധികം ഇഷ്ടപ്പെടാത്തവർക്ക് അൽപം പുളിപ്പ് രുചി കൂടി ചേർന്ന മുന്തിരി ഇണങ്ങുന്ന പഴമാണ്. എന്നാൽ മാർക്കറ്റിൽ സുലഭമായും യോജിച്ച വിലയിലും കിട്ടുന്ന മുന്തിരി വാങ്ങിക്കഴിക്കാൻ എല്ലാവർക്കും ഭയമാണ്. കാരണം അതിൽ പുരട്ടിയിരിക്കുന്ന വിഷം തന്നെയാണ്. 

കേടുകൂടാതെ കൂടുതൽ കാലം സൂക്ഷിക്കാൻ മുന്തിരി ഉൾപ്പെടെയുള്ള പഴങ്ങളിൽ കീടനാശിനികളും വിഷപദാർഥങ്ങളും തളിക്കുന്നത് കൂടുതലാണ്.
ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ സമീപ ഭാവിയിൽ തന്നെ കൊണ്ടെത്തിച്ചേക്കാം. കാണുമ്പോൾ ഫ്രഷ് ആയി തോന്നുമെങ്കിലും ഈ പഴങ്ങളിൽ വിഷമുണ്ടോ ഇല്ലയോ എന്നത് വിശ്വസിച്ച് വാങ്ങാൻ സാധിക്കില്ല. എന്നാൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നത് അനിവാര്യമായതിനാൽ തന്നെ ഇവയിലെ വിഷാംശം ഒഴിവാക്കി വേണം ഭക്ഷിക്കേണ്ടത്.ഇതിന് നാരങ്ങാനീരിലോ, വിനാഗിരിയിലോ, ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത വെള്ളത്തിലോ 10 മിനിറ്റെങ്കിലും മുക്കിവെച്ചശേഷം ശുദ്ധവെള്ളത്തില്‍ കഴുകി ഉപയോഗിക്കുന്നത് നല്ലതാണ്.

ഉപ്പുവെള്ളത്തിൽ കഴുകിയെടുത്താൽ വിഷരഹിതമാകുമെന്ന് പറയാറുണ്ടെങ്കിലും, മറ്റ് പഴങ്ങളെ അപേക്ഷിച്ച് മുന്തിരിയ്ക്ക് ഇത് അസാധ്യമാണ്. കാരണം, മുന്തിരി എളുപ്പത്തിൽ വിഷമുക്തമാക്കാൻ സാധിക്കില്ല എന്നത് തന്നെയാണ്.
രാസലായനികളിൽ മുക്കി വച്ചും മറ്റുമാണ് പാക്ക് ചെയ്ത് മുന്തിരികൾ വിപണിയിൽ എത്തുന്നത്. ഈ വിഷ പദാർഥങ്ങൾ ശരീരത്തിന് ഉള്ളിലേക്ക് കടക്കുന്നത് അത്യധികം ദോഷമാണ്.

അതിനാൽ തന്നെ, ഉപ്പ് വെള്ളമല്ലാതെ എങ്ങനെ മുന്തിരിയിൽ നിന്നും രാസവസ്തുക്കൾ നീക്കം ചെയ്യാമെന്നതാണ് അറിഞ്ഞിരിക്കേണ്ടത്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പൊടിക്കൈയാണ് ചുവടെ വിവരിക്കുന്നത്.

മുന്തിരിയിലെ വിഷാംശം കളയാനുള്ള സൂത്രം
ഇതിനായി ഓരോ മുന്തിരിയും കുലയിൽ നിന്ന് വേർപെടുത്തി എടുത്ത് ഒരു പാത്രത്തിൽ വയ്ക്കുക. തുടർന്ന് 1 ടീസ്പൂൺ ബേക്കിങ് പൗഡർ, 1 ടേബിൾ സ്പൂൺ ഉപ്പ് എന്നിവ എടുക്കുക. ഇവ രണ്ടും മിക്സ് ചെയ്ത ശേഷം, മുന്തിരി വച്ചിട്ടുള്ള പാത്രത്തിൽ ഇട്ട് മുന്തിരിയിൽ പുരളും വിധം വക്കുക. ഇത് അര മണിക്കൂർ വച്ച ശേഷം നല്ല വെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകിയെടുക്കാവുന്നതാണ്. പൈപ്പിന് ചുവട്ടിലോ ഒഴുക്കുവെള്ളത്തിലോ കഴുകുന്നതാണ് ഉത്തമം.
വിഷത്തെ പുറന്തള്ളുന്നതിന് ഈ പൊടിക്കൈ ഫലം ചെയ്യും. മുന്തിരിയിൽ ചെയ്തിട്ടുള്ള രാസപ്രയോഗങ്ങളിൽ നിന്നും ഒരു പരിധി വരെ നമുക്ക് രക്ഷ നേടാൻ ഇങ്ങനെ സാധിക്കും.

കൃത്രിമ വസ്തുക്കളും രാസവസ്തുക്കളും ചേർത്തുള്ള മുന്തിരിയിൽ നിന്ന് പൂർണമായി മുക്തി നേടാൻ വീട്ടിൽ തന്നെ ഇത് കൃഷി ചെയ്യാനാകും.മുന്തിരി കൃഷി ചെയ്യേണ്ട രീതി നന്നായി മനസിലാക്കി അവയെ പരിചരിച്ച് വളർത്താൻ തയ്യാറാണെങ്കിൽ നിങ്ങളുടെ വീട്ടിലും മുന്തിരി വളർത്താവുന്നതാണ്. എല്ലുപൊടി, മണൽ, ചകിരിച്ചോറ് തുടങ്ങിയ ജൈവവളപ്രയോഗങ്ങൾ മാത്രം മതി മുന്തിരി ഫലഭൂയിഷ്ടമായി നിറഞ്ഞു നിൽക്കുന്നതിന്.

Advertisement