എറണാകുളം–കായംകുളം പാസഞ്ചർ ഏപ്രിൽ 25ന് വീണ്ടും സർവീസ് തുടങ്ങും

എറണാകുളം–കായംകുളം പാസഞ്ചർ ഏപ്രിൽ 25ന് പുനരാരംഭിക്കും. കോവിഡിന്റെ പേരിൽ നിർത്തലാക്കിയ സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു യാത്രക്കാർ ഏറെ നാളായി നിവേദനങ്ങൾ നൽകി കാത്തിരിക്കുകയായിരുന്നു.അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷലായി സർവീസ് ആരംഭിക്കുന്ന ട്രെയിൻ എല്ലാ ദിവസവും വൈകിട്ട് 6ന് എറണാകുളത്തുനിന്നു പുറപ്പെട്ടു രാത്രി 8.50ന് കായംകുളത്ത് എത്തും.

കായംകുളത്തുനിന്നു രാവിലെ 8.50ന് പുറപ്പെട്ടു പകൽ 11.30ന് എറണാകുളത്ത്എത്തും.എഴുപുന്ന, തിരുവിഴ, കരുവാറ്റ സ്റ്റേഷനുകളിൽ ഹാൾട്ട് ഏജന്റുമാരെ നിയമിക്കുന്ന മുറയ്ക്കു സ്റ്റോപ്പ് അനുവദിക്കും. 16 കോച്ചുകളാണു ട്രെയിനിലുണ്ടാകുക.

വൈകിട്ട് 5.25ന് ജനശതാബ്ദി പോയി കഴിഞ്ഞാൽ ആലപ്പുഴ ഭാഗത്തേക്കു എറണാകുളത്തുനിന്നു ട്രെയിനില്ലാത്തതു മൂലം സ്ഥിരം യാത്രക്കാരുൾപ്പെടെ വലിയ ദുരിതമാണു നേരിട്ടിരുന്നത്.

പാസഞ്ചർ എക്സ്പ്രസായി പുനഃസ്ഥാപിക്കുമ്പോൾ സീസൺടിക്കറ്റ് യാത്രക്കാർക്കു നിരക്കിൽ വ്യത്യാസമില്ലെങ്കിലും സാധാരണ യാത്രക്കാർ എക്സ്പ്രസ് നിരക്കു നൽകണം. രാത്രി 8.50ന് കായംകുളത്തു എത്തിച്ചേരുന്നതിനാൽ തുടർ യാത്രയ്ക്കു കായംകുളം റെയിൽവേ സ്റ്റേഷനിൽനിന്നു കെപി റോഡ് വഴിയും ഓച്ചിറ ഭാഗത്തേക്കും കെഎസ്ആർടിസി ബസ് സർവീസ് നടത്തണമെന്ന ആവശ്യവും ശക്തമാണ്.

കോവിഡിനു മുൻപു ബസുകൾ സ്റ്റേഷനു മുന്നിലുള്ള ബസ് സ്റ്റാൻഡ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും ട്രെയിൻ സർവീസ് നിർത്തി വച്ചതോടെ സ്റ്റേഷനിൽ പോകുന്നുണ്ടായിരുന്നില്ല.

Advertisement