എന്റെ കേരളം മെഗാ പ്രദർശന വിപണന മേള ഏപ്രിൽ 18 മുതൽ 24 വരെ

തൃശൂർ: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച്‌ ‘എന്റെ കേരളം’ മെഗാ പ്രദർശന വിപണന മേള ഏപ്രിൽ 18 മുതൽ 24 വരെ തേക്കിൻകാട് മൈതാനം-വിദ്യാർഥി കോർണറിൽ നടക്കും .ഏപ്രിൽ 18ന് വൈകിട്ട് നാലു മണിക്ക് തൃശൂർ റൗണ്ടിൽ നടക്കുന്ന ഘോഷയാത്രയോടെയാണ് മേളയ്ക്ക് തുടക്കമാകുക.

വൈകിട്ട് അഞ്ചിന് വിദ്യാർഥി കോർണറിൽ നടക്കുന്ന ചടങ്ങിൽ ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ രാജൻ നിർവഹിക്കും. പ്രദർശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. മേയർ, എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് മേള അരങ്ങേറും.

മേള നടക്കുന്ന ദിവസങ്ങളിൽ എല്ലാ വൈകുന്നേരങ്ങളിലും സംഗീത, കലാപരിപാടികൾ നടക്കും. അഞ്ച് മുതൽ ആറു മണി വരെയും ഏഴു മണിക്കു ശേഷവുമുള്ള രണ്ട് സെഷനുകളിലായാവും പരിപാടികൾ നടക്കുക. ജില്ലയ്ക്ക് അകത്തു നിന്നും പുറത്തുനിന്നുമുള്ള പ്രമുഖ കലാ സംഘങ്ങൾ പരിപാടിയിൽ പങ്കെടുക്കും. ഏപ്രിൽ 19 വൈകീട്ട് 4.30 മുതൽ 6.00 വരെ കഥാപ്രസംഗം 7.00 മണിക്ക് ഗായകൻ ജോബ് കുര്യൻ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ. ഏപ്രിൽ 20ന് വൈകീട്ട് 5.00 മുതൽ 6.00 വരെ വജ്ര ജൂബിലി കലാകാരൻമാരുടെ വാദ്യകലാ ഫ്യൂഷൻ, 7.00 മണി മുതൽ വജ്ര ജൂബിലി കലാകാരൻമാരുടെ മോഹിനിയാട്ടം. ഏപ്രിൽ 21ന് വൈകീട്ട് 5.00 മുതൽ 6.00 വരെ ചവിട്ടുനാടകം 7.00 മുതൽ അക്രോബാറ്റിക് ഡാൻസ്. ഏപ്രിൽ 22 ന് വൈകീട്ട് 5.00 മുതൽ 6.00 വരെ ഏകപാത്ര നാടകം തുടർന്ന് 7 മണി മുതൽ ഗാനമേള. ഏപ്രിൽ 23 ന് 4.30 മുതൽ 5.00 വരെ വജ്ര ജൂബിലി കലാകാരൻമാരുടെ തുള്ളൽ ത്രയം7.00 മുതൽ സമിർ സിൻസിയുടെ സൂഫി സംഗീതവും ഖവാലിയും. മേളയുടെ അവസാന ദിവസമായ ഏപ്രിൽ 24 ന് സൗപർണിക തിരുവനന്തപുരത്തിന്റെ നാടകം ഇതിഹാസം.

നൂറോളം കൊമേഷ്‌സ്യൽ സ്റ്റാളുകൾ ഉൾപ്പെടെ 180 ലേറെ സ്റ്റാളുകൾ മേളയിൽ ഉണ്ടാകും. വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള ഉൽപന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങളുമാണ് പ്രദർശനത്തിനും വിപണനത്തിനുമായി എത്തുക. കൂടാതെ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന തീം സ്റ്റാളുകളും വിവിധ സർക്കാർ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന യൂട്ടിലിറ്റി സ്റ്റാളുകളുമുണ്ടാകും. അക്ഷയയുടെ ആധാർ ഉൾപ്പെടെയുള്ള സേവനങ്ങൾ, ജീവിതശൈലീ രോഗങ്ങളുടെ പരിശോധന, മണ്ണ്, ജല പരിശോധന, പാൽ, ഭക്ഷ്യ സാധനങ്ങളുടെ സാമ്പിളുകൾ എന്നിവയുടെ പരിശോധന, ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ, കരിയർ ഗൈഡൻസ്, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള കൗൺസലിംഗ്, ചെറിയ കുട്ടികളിലെ ഭിന്നശേഷി നിർണയ പരിശോധന തുടങ്ങിയവയാണ് യൂട്ടിലിറ്റി സ്റ്റാളുകളിൽ ലഭിക്കുന്ന സൗജന്യ സേവനങ്ങൾ. ഇതിനു പുറമെ, ദുരന്ത നിവാരണം, സ്വയം പ്രതിരോധം എന്നിവയുടെ ഡെമോകളും സുരക്ഷിത വൈദ്യുതി, വാതക ഉപയോഗം, ലഹരി വിമുക്തി തുടങ്ങിയവയെ കുറിച്ചുള്ള ബോധവൽക്കരണവും മേളയിൽ ഒരുക്കും.
മേളയോടനുബന്ധിച്ച്‌ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിശാലമായ ഫുഡ്‌കോർട്ടും ഒരുങ്ങുന്നുണ്ട്. മിൽമ, ജയിൽ, കെടിഡിസി എന്നിവയും ഫുഡ്‌കോർട്ടിൽ പങ്കാളികളാവും. തേക്കിൻകാട് മൈതാനത്തിന്റെ സവിശേഷത ഉൾക്കൊണ്ട് വൈവിധ്യമാർന്ന വെജിറ്റേറിയൻ വിഭവങ്ങളാവും ഇവിടെ ഒരുക്കുക. എല്ലാ ദിവസവും വിവിധ ഇനങ്ങളിൽ പാചക മൽസരങ്ങളും അരങ്ങേറും. ബ്ലോക്ക് തലത്തിൽ നടക്കുന്ന പാചക മത്സര വിജയികളാണ് ഇവിടെ മാറ്റുരയ്ക്കുക.

മെഗാ പ്രദർശന വിപണന മേളയുടെ കവാടമായി കുതിരാൻ തുരങ്കത്തിന്റെ മാതൃകയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു തുരങ്കത്തിലൂടെ മേളയിലേക്ക് പ്രവേശിച്ച്‌ മറ്റൊരു തുരങ്കത്തിലൂടെ പുറത്തുവരുന്ന രീതിയിലായിരിക്കും ഇത് സജ്ജീകരിക്കുക. സ്റ്റാളുകളുടെയും കവാടത്തിന്റെയും പ്രവൃത്തികൾ തേക്കിൻകാട് മൈതാനിയിൽ പുരോഗമിക്കുകയാണ്. കേരളത്തിലെ ഫാം ടൂറിസം, വില്ലേജ് ടൂറിസം, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവ ചിത്രീകരിക്കുന്ന കേരളത്തെ അറിയാൻ എന്ന പവലിയനിലേക്കാണ് സന്ദർശകർ ആദ്യം പ്രവേശിക്കുക. വ്യത്യസ്തമായ ടൂറിസം അനുഭവങ്ങൾ വാക്ക് വേയിലൂടെ നടന്ന് ആസ്വദിക്കാവുന്ന രീതിയിലാണ് ടൂറിസം വകുപ്പിന്റെ ഈ പവലിയൻ സജ്ജീകരിച്ചിരിക്കുന്നത്. പുത്തൂരിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ സുവോളജിക്കൽ പാർക്കിന്റെ മാതൃക ആദ്യമായി ജനങ്ങൾക്ക് കാണാനും ഇവിടെ അവസരമൊരുക്കുന്നുണ്ട്.

കേരളത്തിന്റെ ചരിത്രം, വർത്തമാനം, ഭാവി എന്നിവയെ പുതുതലമുറ- ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്നതാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കുന്ന എന്റെ കേരളം തീം പവലിയൻ. നമ്മുടെ ധന്യമായ ചരിത്രം, നാം കൈവരിച്ച അഭിമാനകരമായ നേട്ടങ്ങൾ, ഭാവിയിലേക്കുള്ള ചുവടുവയ്പ്പുകൾ എന്നിവയെ കുറിച്ചുള്ള ആകർഷകമായ കാഴ്ചാനുഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം കിഫ്ബിയുടെ പ്രത്യേക പവലിയനും ഒരുക്കിയിട്ടുണ്ട്.
റോബോട്ടിക്‌സ്, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി പ്രിന്റിംഗ് ടെക്‌നോളജി തുടങ്ങിയവയെ പരിചയപ്പെടുത്തുന്നതാണ് ടെക്‌നോളജി പവലിയൻ. ഇവയെ കുറിച്ച്‌ നേരിട്ടറിയാനും അനുഭവിക്കാനും പവലിയനിൽ അവസരമൊരുക്കും. തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളജിന്റെ നേതൃത്വത്തിൽ ജില്ലയിലെ ടെക്‌നോളജി സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ളവയുമായി സഹകരിച്ചാണ് പവലിയൻ ഒരുക്കിയിരിക്കുന്നത്. കാർഷിക വികസന വകുപ്പിന് കീഴിൽ പ്രദർശന സ്റ്റാളുകൾക്ക് പുറമെ, കാർഷിക ഉത്പന്നങ്ങളുടെ ഔട്ട്‌ഡോർ ഡിസ്‌പ്ലേയും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഫാമുകൾ, നഴ്‌സറികൾ, കാർഷിക സർവകലാശാല തുടങ്ങിയവയുടെ ചെടികൾ, ഉത്പന്നങ്ങൾ തുടങ്ങിയവ ഇവിടെ പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കും.

Advertisement