തലവൂരിൽ ശിവരൂപം അണിഞ്ഞൊരുങ്ങുന്നു

Advertisement

പത്തനാപുരം: ചന്ദ്രക്കലച്ചൂടി കഴുത്തിൽ സ്വർണ്ണ നാഗവും രുദ്രാക്ഷമാലയും ചാർത്തി പത്മാസനത്തിനുള്ള ശിവഭഗവാന്റെ മനോഹരശിൽപം തലവൂരിൽ അണിഞ്ഞൊരുങ്ങുന്നു.

ശിൽപിയും ചിത്രകാരനുമായ തലവൂർ രണ്ടാലുംമൂട് സ്വദേശി ഷൈൻലാലാണ് തത്തമംഗലം ക്ഷേത്ര സന്നിധിയിൽ സമർപ്പിക്കാനുള്ള ശില്പമൊരുക്കുന്നത്.

ആറുമാസം മുമ്പ് ആരംഭിച്ച ശിൽപ നിർമാണം അന്തിമ ഘട്ടത്തിലാണ്. ഏതാനും ചില കൊത്തുപണികളും ശൂലം, പെയിന്റിങ് തുടങ്ങിയ ജോലികളുമാണ് ബാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള തത്തമംഗലം ശ്രീമഹാദേവ ക്ഷേത്ര കവാടത്തിന് മുൻവശത്തായാണ് ഉടുക്കും ത്രിശൂലവുമേന്തി പത്മാസനത്തിനുളള ഭഗവാന്റെ ശിൽപം കുടികൊള്ളുന്നത്.

ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ ഇതിനോടകം ചെലവായതായി ശിൽപി ഷൈൻ പറയുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ ഷൈൻ ജോലി ചെയ്ത് കിട്ടിയ പണം സ്വരുക്കൂട്ടിയാണ് സ്വന്തം നാടിനായി മഹാദേവ ശിൽപം ഒരുക്കിയത്. മെയ് പകുതിയോടെ നിർമാണം പൂർത്തിയാകും.

Advertisement