ഇതൊക്കെ അറിഞ്ഞാൽ എങ്ങനെ കാച്ചിൽ വേണ്ടെന്നുവയ്ക്കും ? കൂടെ ഒരുഗ്രൻ കാച്ചിൽ തോരൻ റസിപ്പിയും

പണ്ടത്തെ ആളുകളുടെ ആരോഗ്യം കാച്ചിലും ചേനയും ചേമ്പും കഴിച്ചിട്ടാണെന്നു പറയുന്നതിൽ കാര്യമുണ്ട്.അന്നൊക്കെ ആരോഗ്യപ്രശ്നങ്ങളും കുറവായിരുന്നു. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു കിഴങ്ങാണ് കാച്ചിൽ. ചിലയിടങ്ങളിൽ ഇതിന് കാവത്ത് എന്നും പറയും. പരിചരണം ഇല്ലാതെ തന്നെ വളരുന്ന ഒരു കിഴങ്ങുവർഗമാണ് കാച്ചിൽ. കാച്ചിൽ വിത്തോ , കാച്ചിൽ കഷണങ്ങളോ നടാവുന്നതാണ്.ഏറെ പോഷക ഗുണമുള്ള കാച്ചിൽ ചേമ്പിനെപ്പോലെ അരിസസ്സ് , ഗ്യാസ് എന്നിവ ഉണ്ടാക്കാറില്ല.

രക്തസമ്മർദ്ദം കുറയ്ക്കുന്നു
ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. കാച്ചിലിന് രക്തസമ്മര്‍ദം കുറയ്ക്കാനുള്ള കഴിവുണ്ട്. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാലാണ് ഇതെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ബി.പി. കുറയ്ക്കാൻ മരുന്നു പോലെ തന്നെ കാച്ചിലിനും കഴിവുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ പൊട്ടാസ്യം ധാരാളമടങ്ങിയതിനാൽ കാച്ചിൽ ഹൃദയാരോഗ്യം മികവുറ്റതാക്കുന്നു.

പോഷക സമൃദ്ധം
ഒരു കപ്പ് കാച്ചിൽ വേവിച്ചതിൽ 140 കലോറി ഉണ്ട്. ഇവ കൂടാതെ 27 ഗ്രാം അന്നജം, ഒരു ഗ്രാം പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, സോഡിയം, അയൺ, ജീവകങ്ങൾ ആയ എ, സി എന്നിവയാലും സമ്പുഷ്ടമാണ്. ആൻറി ആക്സിഡന്റുകൾ ധാരാളമായി ഇവയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ ധാരാളമുള്ള കാച്ചിൽ നേത്ര ആരോഗ്യത്തിന് മികച്ചതാണ്

പ്രമേഹ നിയന്ത്രണത്തിന്
കാച്ചിലെ ഫ്ലവനോയിഡുകൾ ടൈപ്പ് ടു പ്രമേഹനിയന്ത്രണത്തിന് സഹായകമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവും കാച്ചിൽ നിയന്ത്രണ വിധേയമാകുന്നു.

ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു
ധാരാളം ഭക്ഷണനാരുകൾ അടങ്ങിയിരിക്കുന്ന കാച്ചിൽ ഉദരസംബന്ധമായ പല പ്രശ്നങ്ങളും പരിഹരിക്കുന്നു. ഉദരത്തിലെ നല്ല ബാക്ടീരിയായ ബൈഫിഡോ ബാക്ടീരിയുടെ അളവ് കൂട്ടാൻ റെസിസ്റ്റൻസ് സ്റ്റാർച്ച് സഹായകമാണ്. ഇതുകൂടാതെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യുവാനും അമിതവണ്ണം കുറയ്ക്കുവാനും ഇതിന്റെ ഉപയോഗം നല്ലതാണ്.

കാൻസറിനെ പ്രതിരോധിക്കുന്നു
കാച്ചിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ വിവിധ തരം കാൻസറുകൾ പ്രതിരോധിക്കാൻ സഹായകമാണ് രക്തസമ്മർദവും ഇൻഫ്ലമേഷനും കുറയ്ക്കാനും കാൻസറിനെയും പ്രമേഹത്തെയും പ്രതിരോധിക്കാനും ആന്തോസയാനിനു കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
കാച്ചിലിൽ ഉള്ള ആന്തോസയാനിനുകൾ ഒരു തരം പോളിഫിനോൾ ആന്റി ഓക്സിഡന്റുകളാണ്. പതിവായി പോളിഫിനോൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വിവിധയിനം കാൻസറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കും. കോളൻ കാൻസർ, ലങ് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ ഇവയെല്ലാം വരാനുള്ള സാധ്യത കുറയ്ക്കാനും കാച്ചിൽ സഹായിക്കും.

ഇലക്കറികളും പച്ചക്കറികളും കഴിക്കുന്നതോടൊപ്പം കാച്ചില്‍ ഉൾപ്പെടെയുള്ള കിഴങ്ങു വർഗങ്ങളും പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ
ശീലിക്കാം. ചോറിനോടൊപ്പം കഴിക്കാവുന്ന രുചികരമായ കാച്ചിൽ തോരൻ ഇതാ…

കാച്ചിൽ കൊണ്ടൊരു തോരൻ

ചേരുവകൾ കാച്ചിൽ – തൊലി കളഞ്ഞ് വൃത്തിയാക്കി അര ഇഞ്ച് കനവും ഒരിഞ്ച് നീളത്തിലും അരിഞ്ഞത് ഒരു കപ്പ് സവാള/കൊച്ചുള്ളി ചെറുതായി അരിഞ്ഞത് : കാൽ കപ്പ്
വെളുത്തുള്ളി : 2 അല്ലി
പച്ചമുളക്: 2 എണ്ണം (എരിവിനനുസരിച്ച് )
മഞ്ഞൾപ്പൊടി: 1 നുള്ള്
തേങ്ങ ചിരകിയത് : കാൽ കപ്പ്
ഉപ്പ്: ആവശ്യത്തിന്

കടുക് വറുക്കാൻ
വെളിച്ചെണ്ണ : 1 ടേബിൾ സ്പൂൺ
കടുക്: 1 നുളള്
വറ്റൽ മുളക്: 2 എണ്ണം
ചെറിയ ഉള്ളി: 2 എണ്ണം വട്ടത്തിൽ അരിഞ്ഞത്
കറിവേപ്പില : ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

തേങ്ങ, മഞ്ഞൾപ്പൊടി, വെളുത്തുളളി, പച്ചമുളക് എന്നിവ ചതച്ചു വയ്ക്കുക. (ജീരകമണം ഇഷ്ടമുള്ളവർക്ക് ഒരു നുളള് ജീരകം കൂടി ചതയ്ക്കുമ്പോൾ ചേർക്കാം ) കാച്ചിൽ അരിഞ്ഞതും സവാള അരിഞ്ഞതും അരപ്പുമായി യോജിപ്പിച്ച് വയ്ക്കുക.

കട്ടിയുള്ള ചീനച്ചട്ടി അടുപ്പിൽ വച്ച് കടുക് വറുക്കാൻ ആവശ്യമുള്ള സാധനങ്ങൾ ഇട്ട് മൂപ്പിക്കുക. അതിലേക്ക് പുരട്ടി വച്ചിരിക്കുന്ന കാച്ചിൽ കുട്ട് ഇട്ട് ഇളക്കി തട്ടിപ്പൊത്തി അടച്ച് ചെറുതീയിൽ വേവിയ്ക്കുക. (വെള്ളം ഒട്ടും ചേർക്കരുത് കുഴഞ്ഞു പോകും )ഇടയ്ക്ക് ഒന്ന് തുറന്ന് ചെറുതായൊന്ന് ഇളക്കണം. വേവാകുമ്പോൾ കറിവേപ്പില ഇട്ട് ഇളക്കി വാങ്ങി വയ്ക്കാം. ചൂടോടെ ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്

Advertisement