കൊട്ടാരക്കര ഹൈ വോൾട്ടേജ് തിളക്കത്തിലേക്ക്

Advertisement

കൊല്ലം: കൊട്ടാരക്കര നഗരസഭയിലെ തെരുവുകൾ ഇനി 110 വോട്ട് വെളിച്ചത്തിൽ തിളങ്ങും. നിലവിലെ തെരുവ് വിളക്കുകൾ മാറ്റി ഏറ്റവും പ്രകാശമേറിയവയാണ് ഇവിടെ സ്ഥാപിക്കുക.

നഗരസഭയുടെ വികസന വഴിയിലെ പുതിയ ചുവട് വയ്പ്പാണ് തെരുവ് വിളക്ക് പദ്ധതി.

കോളേജ് ജംഗ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ വരെയും കൊട്ടാരക്കര ഗണപതിക്ഷേത്ര പരിധിയിലുമുള്ള മുഴുവൻ തെരുവ് വിളക്കുകളും മാറ്റുകയാണ്. ഏപ്രിൽ 15 ന് മുൻപ് പുതിയവ സ്ഥാപിക്കുകയാണ് ലക്ഷ്യം. അഞ്ച് ലക്ഷം രൂപ ഇതിനായി നഗരസഭ വകയിരുത്തിയിട്ടുണ്ട്.

തെരുവുവിളക്കുകൾ പൂർണമായും എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന ‘നിലാവ്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുതിയ 18 വാട്‌സിന്റെ തെരുവ് വിളക്കുകൾ നഗരസഭയുടെ എല്ലാ വാർഡുകളിലും സ്ഥാപിച്ചു തുടങ്ങി. അതോടൊപ്പം പുലമൺ പാലത്തിൽ എൽ. ഇ.ഡി ലാംബ് പോസ്റ്റുകളും സ്ഥാപിച്ചു. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷന്റെ മുന്നിലുള്ള ബസ് കാത്തിരിപ്പ് ടെർമിനൽ ഏറ്റെടുത്തു വൈദ്യൂതീകരിക്കാനും പദ്ധതിയുണ്ടെന്ന് നഗരസഭ ചെയർമാൻ എ. ഷാജു പറഞ്ഞു.

Advertisement