രാഹുകേതു രാശിമാറ്റം വരുന്നു… ഒന്നരവർഷത്തിനു ശേഷം ; നിങ്ങൾക്കെങ്ങനെ?

ജാതകത്തിൽ ഏറ്റവും അശുഭകരമായ യോഗങ്ങൾ രൂപപ്പെടുന്ന ഗ്രഹങ്ങളിൽ ഒന്നാണ് രാഹു .രാഹുമാറ്റം എപ്പോൾ നടന്നാലും അതേ ഞൊടിയിൽ തന്നെ കേതുമാറ്റവും സംഭവിക്കും. ഏപ്രിൽ പന്ത്രണ്ടിന് രാഹു ഇടവത്തിൽ നിന്നും മേടത്തിലേക്കും, കേതു വൃശ്ചികത്തിൽ നിന്നും തുലാത്തിലേക്കും സംക്രമിക്കുന്നു. നിഷ്ക്രമണം എന്ന വാക്കാവും കൂടുതൽ ശരിയാവുന്നത്. മറ്റു ഗ്രഹങ്ങൾ മുന്നിലേക്കുള്ള രാശിയിലേക്ക് നീങ്ങുമ്പോൾ രാഹുവും കേതുവും പിന്നിലേക്കുള്ള രാശിയിലേക്കാണ് മാറിനീങ്ങുന്നത്. Anti-clockwise എന്ന രീതിയാണത്. ഒന്നര വർഷത്തിൽ / പതിനെട്ട് മാസത്തിൽ ഒരിക്കലാണ് രാഹു-കേതു പകർച്ച വരിക. അടുത്ത രാശിമാറ്റം 2023 ഒടുവിലാവും! ദശയും ദശാപഹാരവും അനുകൂലമാവുകയും ഒപ്പം വ്യാഴത്തിന്റെയും ശനിയുടെയും അനുകൂലാവസ്ഥയും കൂടി ഉണ്ടാവുകയാണെങ്കിൽ രാഹു കേതു മാറ്റത്തിലെ ദോഷങ്ങൾ കൂടുതലായി ബാധിച്ചെന്നു വരില്ല.

രാഹുകേതു മാറ്റം ഏതൊക്കെ രാശിക്കാർക്ക് എങ്ങനെ ആയിരിക്കുമെന്ന് നോക്കാം…


മേടം രാശി (അശ്വതി, ഭരണി, കാർത്തിക 1/4 )

മേടം രാശിക്കാർക്ക് രാഹു കാരണം കുടുംബജീവിതത്തിൽ ആഘാതം നേരിടേണ്ടിവരും. ഇതുകൂടാതെ കരിയറിൽ നിങ്ങൾക്ക് വളരെയധികം മാനസിക സമ്മർദ്ദവും അനുഭവപ്പെടും. കരിയറിനെക്കുറിച്ചുള്ള അരക്ഷിതാവസ്ഥ മനസ്സിൽ നിലനിൽക്കും. നിക്ഷേപങ്ങളിൽ നിന്നും നഷ്ടസാധ്യതയുണ്ട്. അതിനാൽ ഈ സമയം നിക്ഷേപം ഒഴിവാക്കുക. ഭാര്യാഭർത്താക്കന്മാർ പരസ്പരം കുറ്റപ്പെടുത്താതിരിക്കുക. പ്രണയബന്ധങ്ങളിൽപ്പെടാൻ സാധ്യതയുള്ളതിനാൽ അവിഹിത ബന്ധങ്ങളിൽപ്പെടാതിരിക്കാൻ ശ്രമിക്കുക. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക.തലവേദന, തലയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന അസുഖം ബുദ്ധിമുട്ടിച്ചേക്കാം. അസുഖങ്ങൾ വരുമ്പോൾ അവഗണിക്കാതെ  തക്കതായ ചികിത്സ നൽകുക. ശത്രുക്കളെ കരുതിയിരിക്കുക.അബദ്ധത്തിൽ പോലും സംവാദത്തിൽ ഏർപ്പെടരുത്

ഇടവം രാശി(കാർത്തിക 3/4 , രോഹിണി , മകയിരം 1/2)


ഇടവം രാശിക്കാർ രാഹുമാറ്റ കാലത്ത് ചില മാനസിക പിരിമുറുക്കങ്ങള്‍ നേരിടേണ്ടി വരും. ശത്രുക്കളില്‍ നിന്ന് ജാഗ്രത പാലിക്കേണ്ടിവരും. ഈ കാലയളവില്‍ നിങ്ങളുടെ സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കരുത്.വിവേകത്തോടെ തീരുമാനങ്ങൾ എടുക്കുക. സഞ്ചാര ക്ലേശവും ധനനഷ്ടവും സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
കർമ രംഗത്തെ വെല്ലുവിളികളെ ധൈര്യപൂർവം നേരിടണം. ജാമ്യം നിൽക്കുക, കടം കൊടുക്കുക തുടങ്ങിയവയിൽ നിന്നും  ഒഴിഞ്ഞുമാറുക.
വീണ്ടു വിചാരത്തോടെയും വിവേകത്തോടെയുമുള്ള പ്രവർത്തനങ്ങൾ കാലം അനുകൂലമാക്കാൻ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്, ഇത് ശരിയായ സമയമല്ല, അതിനാല്‍ പഠനത്തില്‍  വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പ്രതിരോധ നിരയിലോ സുരക്ഷാ മേഖലയിലോ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ന്ന പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.ഓഹരി വിപണിയിൽ നഷ്ടം വരാൻ സാധ്യതയുണ്ട്. ഈശ്വര പ്രാർത്ഥനയിൽ കൂടുതൽ ശ്രദ്ധിക്കുക. ഈശ്വരാധീനത്താൽ ശത്രുദോഷത്തിൽ നിന്നും മുക്തിനേടും .


മിഥുനം രാശി( മകയിരം 1/2 തിരുവാതിര, പുണർതം 3/4)

രാഹു സംക്രമണകാലത്ത് ഈ രാശിക്കാർക്ക് കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും.ജീവിതാഭിലാഷങ്ങൾ പൂവണിയും, ദാമ്പത്യ സുഖം, വാഹന ലബ്ധി തുടങ്ങിയ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ഭരണപരമായ സേവനവുമായി ബന്ധപ്പെട്ട ആളുകൾക്ക് ബഹുമാനവും സ്ഥാനവും അന്തസ്സും വർദ്ധിക്കും.സാമ്പത്തികമായി നല്ല പുരോഗതി ഉണ്ടാവും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കും. ഭൂമി സംബന്ധമായ തർക്കങ്ങളും പരിഹരിക്കും. സഹപ്രവർത്തകരും ബന്ധുക്കളും നിർണ്ണായക ഘട്ടത്തിൽ കൂടെ നിൽക്കും.ബിസിനസ്സ് ചെയ്യുന്നവർക്ക് ഈ സംക്രമണം വളരെ ഗുണം ചെയ്യും. ബിസിനസ്സിലെ സാമ്പത്തിക നിക്ഷേപത്തിന്റെ പൂർണ നേട്ടം നിങ്ങൾക്ക് ലഭിക്കും. ഇതുകൂടാതെ ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നത് നേട്ടങ്ങൾ നൽകും. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം.കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിനു മുൻപ് കൃത്യമായ വിലയിരുത്തലുകൾ നടത്തണം. ഉദരസംബന്ധമായ അസുഖം ഉണ്ടാകാൻ സാധ്യതയുണ്ട്.

കർക്കിടകം രാശി (പുണർതം 1/4 പൂയ്യം, ആയില്യം)
ഈ രാശിക്കാർക്ക് രാഹുമാറ്റ കാലത്ത്
സാമ്പത്തിക സ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ധാരാളം പ്രശംസകൾ നേടാനാകും. ബിസിനസ്സിൽ സാമ്പത്തിക പുരോഗതി ഉണ്ടാകും. ഇതുകൂടാതെ ഏത് വലിയ ഇടപാടുകളും വിജയിക്കും.തൊഴിൽ വരുമാനം കൂടുമെങ്കിലും ജോലിഭാരം കൂടും. സംക്രമണ കാലയളവ് ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് പ്രയോജനകരമാണെന്ന് തെളിയിക്കും.പാഴ് ചെലവുകൾ നിയന്ത്രിക്കണം.
ഒരു കാര്യത്തിലും ഉറച്ചു നിൽക്കാതെയുള്ള ചഞ്ചല പ്രവണത കാരണം വിശ്വാസത്തകർച്ച ഉണ്ടാകാനിടയുണ്ട്. ആരോടും വാക്കു തർക്കത്തിന് പോകരുത്. മാതാവിന്റെ ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

ചിങ്ങം രാശി (മകം, പൂരം, ഉത്രം 1/4)


രാഹുവിന്റെ സംക്രമം ഈ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. അവസരങ്ങൾ വർധിക്കും.സ്ഥിരമായ ചിലവുകള്‍ ഉണ്ടാകും, പക്ഷേ വരുമാനവും ഉണ്ടാകും. ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധുക്കളുടെയും മറ്റും പിന്തുണ ലഭിക്കും .ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും ഈശ്വരാധീനവും മനോധൈര്യവും വർധിപ്പിച്ച് മറികടക്കാൻ കഴിയും. പ്രണയ ബന്ധത്തില്‍ ചില പ്രശ്‌നങ്ങളും ഉണ്ടാകാം. ഒന്‍പതാം ഭാവത്തില്‍ രാഹു സംക്രമിക്കുന്നത് ഭാഗ്യത്തില്‍ പെട്ടെന്നുള്ള ഉയര്‍ച്ച താഴ്ചകള്‍ നല്‍കും. എന്നാലും അവസാനം നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടും.പൂർവ കാല നിക്ഷേപങ്ങളിൽ നിന്നും ഗുണം കിട്ടും. ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിക്കണം പകർച്ചവ്യാധികൾ വരാൻ സാധ്യതയുണ്ട്.വിലപിടിപ്പുള്ള രേഖകൾ മറ്റു വസ്തുക്കൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധവേണം.അച്ഛന്റെയും കുടുംബത്തിലെ ചില പ്രായമായ അംഗങ്ങളുടെയും ആരോഗ്യം ആശങ്കയ്ക്ക് കാരണമായേക്കാം. ഏകാഗ്രതയുടെ അഭാവം മൂലം ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയില്ല.

കന്നി രാശി (ഉത്രം 3/4 അത്തം, ചിത്തിര 1/2)

രാഹു കന്നി രാശിക്കാരുടെ മാനസിക നിലയെ ബാധിക്കും. ഇത് ആളുകളുമായുള്ള സംഘർഷത്തിന് കാരണമാകും.എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക. ആരോഗ്യപ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ അവഗണിക്കരുത്.സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കുക. ധനനഷ്ട സാധ്യത വളരെ കൂടുതലാണ് വരവിനേക്കാൾ ചെലവ് കൂടും. സ്വജനങ്ങളുമായി കലഹത്തിന് സാധ്യത ഉള്ളതിനാൽ വാക്ക് തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക .ഈ കാലഘട്ടം ക്ഷീണിപ്പിക്കുന്ന അനുഭവങ്ങളും നിരാശയും നിറഞ്ഞതായിരിക്കും

കന്നിരാശിക്കാര്‍ക്ക് പല ശ്രമങ്ങളിലും പരാജയവും സങ്കടവും ഉണ്ടാകാം. പ്രണയ ജീവിതം അല്‍പ്പം നിരാശാജനകമായിരിക്കും.ശത്രുക്കളിൽ നിന്നോ കള്ളൻമാരിൽ നിന്നോ ഉപദ്രവം ഏൽക്കാതിരിക്കാൻ വളരെ ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് അനാവശ്യമായ സ്ഥലംമാറ്റമോ തരംതാഴ്ത്തലോ ലഭിക്കാനിടയുണ്ട്. ശ്രദ്ധിച്ച് പെരുമാറുക.എട്ടാം ഭാവത്തിലെ രാഹു അപകടങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ ജാഗ്രത പാലിക്കുക.കൂട്ടുകാരും കുടുംബവുമായി ചെലവഴിക്കാൻ സമയം കണ്ടെത്തണം.ഈശ്വര വിശ്വാസം കൈവിടാതിരിക്കുക. പ്രാർത്ഥനകളും ക്ഷേത്ര ദർശനവും ദോഷഫലങ്ങൾ കുറയ്ക്കും

തുലാം രാശി (ചിത്തിര 1/2 , ചോതി , വിശാഖം 3/4)


തുലാം രാശിക്കാര്‍ക്ക് രാഹുവിന്റെ ഈ സംക്രമണം  ദാമ്പത്യത്തിൽ പ്രതികൂലമായ ഫലങ്ങള്‍ നല്‍കും, ദമ്പതികൾ തമ്മിൽ ചില പൊരുത്തക്കേടുകള്‍ ഉണ്ടാകാം. ഈ കാലയളവില്‍ വിശ്വാസക്കുറവ് നിലനില്‍ക്കുന്നതിനാല്‍  പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ജീവിത പങ്കാളിയോട് സൗമ്യവും അനുകൂലവുമായ സമീപനം സ്വീകരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാത്തരം നിഷേധാത്മക ചിന്തകളിൽ നിന്നും അകന്നു നിൽക്കണം .വാത സംബന്ധമായും ശ്വാസകോശ സംബന്ധമായും അസുഖം, മറ്റു  ശാരീരിക ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാനിടയുണ്ട്.ഏതെങ്കിലും പുതിയ സംരംഭമോ നിക്ഷേപമോ തുടങ്ങുന്നത് ഒഴിവാക്കണം. എതിരാളികളെക്കുറിച്ച് എപ്പോഴും ശ്രദ്ധാലുവായിരിക്കണം.

നഷ്ടസാധ്യതയുള്ള ഒരു കാര്യത്തിലും ഭാഗ്യ പരീക്ഷണത്തിന് പണം മുടക്കരുത്. സൂക്ഷിച്ച് ശാന്തമായി മന: സംയമനത്തോടെ നീങ്ങിയാൽ വ്യാപാരത്തിൽ ലാഭം നേടാനനേടാനാകും .അശുഭചിന്തകൾ ശക്തമായാൽ ലക്ഷ്യപ്രാപ്തിക്ക് പ്രശ്നങ്ങളുണ്ടാകും. നല്ല ബന്ധങ്ങൾ മനസ്സിന് സന്തോഷം നൽകും. പ്രേമ ബന്ധങ്ങളിൽ പെടാൻ  സാധ്യതയുള്ളതിനാൽ അനാവശ്യ ബന്ധങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. എന്നിരുന്നാലും  സംക്രമണത്തിന്റ അവസാന കാലത്ത് രാഹു നിങ്ങള്‍ക്ക് വിജയവും അതുപോലെ നിങ്ങളുടെ ജോലിയിലോ തൊഴിലിലോ നല്ല വരുമാനവും നല്‍കും.

വൃശ്ചികം രാശി (വിശാഖം 1/4 അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂറുകാർക്ക് രാഹു ആറിൽ കേതു പന്ത്രണ്ടിൽ സഞ്ചരിക്കുന്ന കാലമായതിനാൽ പൊതുവെ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. ദീർഘകാലമായി അലട്ടികൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും . തൊഴിൽ മേഖലയിൽ സ്ഥാനകയറ്റവും ശമ്പളവർധനവും ഉണ്ടാവും. സാമ്പത്തിക ഇടപാടുകൾക്കും മെച്ചപ്പെട്ട നിക്ഷേപങ്ങൾക്കും നല്ലസമയമാണ്. സന്തോഷവും സമാധാനവും ലഭിക്കും ആത്മവിശ്വാസത്തോടെയും പ്രായോഗിക ബുദ്ധിയോടെയും കാര്യങ്ങൾ ചെയ്യാനാകും . ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുംഎല്ലാ പിന്തുണയും ലഭിക്കും. വായ്പകൾ കൃത്യസമയത്ത് തിരിച്ചടക്കാൻ കഴിയും. നേത്രരോഗങ്ങൾക്ക് സാധ്യതയുണ്ട്. വീട് മോടി പിടിപ്പിക്കാനോ പുതിയ വീട് / വാഹനം വാങ്ങാനോ കഴിയും.  ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. മത്സര പരീക്ഷയിൽ മികച്ച വിജയം നേടും.വൃശ്ചിക രാശിക്കാർക്ക് ദാമ്പത്യജീവിതത്തിലും പ്രണയജീവിതത്തിലും രാഹു അസ്വസ്ഥതയുണ്ടാക്കാനിടയുണ്ട്. ശ്രദ്ധയോടെയിരിക്കുക

ധനു രാശി(മൂലം, പൂരാടം , ഉത്രാടം 1/4)


ധനു രാശിക്കാർക്ക് കോടതിയിൽ കയറിയിറങ്ങേണ്ടി വന്നേക്കാം.  അതേസമയം പഴയ കേസുകൾ നിലനിൽക്കുന്നവർക്ക് ഇനി ആശ്വാസം ലഭിക്കും. സന്താനങ്ങളുടെ വിദേശ പഠനം, വിവാഹം ഇവയ്ക്ക് തടസം നേരിടും. അനാവശ്യമായ മാനസിക പിരിമുറുക്കം കുറക്കണം .മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും വിജയം നേടിയേക്കാം.ആർക്കും വലിയ വാഗ്ദാനങ്ങൾ നൽകരുത്. ആരെയുംകണ്ണടച്ച് വിശ്വസിക്കരുത്.വരവും ചെലവും കൃത്യമായി മനസിലാക്കിയ ശേഷം സാമ്പത്തിക അസൂത്രണം നടത്തണം .ജോലി സ്ഥലത്ത് ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. എന്നാൽ ഈശ്വരാധീനത്താൽ അതൊക്കെ പരിഹരിക്കപ്പെടും.പ്രണയജീവിതത്തിലും വിവാഹ ജീവിതത്തിലും നിങ്ങൾക്ക് സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാക്കും. അപകടങ്ങളിൽ നിന്നും ഈശ്വരാധീനത്താൽ രക്ഷപ്പെടും.

മകരം രാശി (ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)
മകരം രാശിക്കാർക്ക് രാഹു നാലിലും കേതു പത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധവേണം.കുടുംബജീവിതം സൗഹാര്‍ദ്ദപരമാകില്ല, നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഫലം ലഭിച്ചേക്കില്ല.
പ്രണയിതാക്കള്‍ക്കും ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുത്.

കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.തൊഴില്‍പരമായി, ജോലിസ്ഥലത്തെ ബന്ധങ്ങളും അസ്വസ്ഥതയ്ക്ക് കാരണമാകും. ജോലി മാറാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായേക്കാം. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വീട്, വസ്തു സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാം. സുഹൃത്തുകളുമായും ബന്ധുക്കളുമായും പിണങ്ങേണ്ടിവരാനിടയാകും.വരുമാനം സ്ഥിരവും സുസ്ഥിരവുമാകില്ല, ചെലവുകള്‍ ഉയര്‍ന്നതായിരിക്കും.

സഞ്ചാരക്ലേശം വർധിക്കും.ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ ഈശ്വര പ്രാർഥന ചെയ്യുക . മാതാവിന്റെ ആരോഗ്യത്തില്‍ ശരിയായ ശ്രദ്ധ ചെലുത്തുക .

കുംഭം രാശി (അവിട്ടം 1/2 ചതയം പൂരൂരുട്ടാതി 3/4)
രാഹുവിന്റെ സംക്രമണം കുംഭം രാശിക്കാർക്ക് ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകും. പ്രതിദിന വരുമാനം വർദ്ധിക്കും. ഇതോടൊപ്പം ശനിയുമായി ബന്ധപ്പെട്ട എണ്ണ, ഇരുമ്പ് മുതലായ കാര്യങ്ങൾ ചെയ്യുന്നവർക്ക് രാഹു സംക്രമണം ഏറെ ഗുണകരമാകും. കുംഭം ശനിയുടെ രാശിയാണ്, രാഹു-ശനി സൗഹൃദം ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഓഹരി വിപണിയിൽ നിന്ന് പെട്ടെന്ന് ലാഭം ലഭിക്കും. തൊഴിലിൽ സ്ഥാനക്കയറ്റം ഉണ്ടാകാം. ആഗ്രഹങ്ങൾ സഫലമാകും. മിക്ക കാര്യങ്ങൾക്കും നിരവധി ചെറിയ തടസങ്ങൾ അനുഭവപ്പെടുമെങ്കിലും. സാഹചര്യം അനുകൂലമാക്കി മാറ്റി നേട്ടങ്ങൾ കൈവരിക്കുന്നതിന് യോഗം ഉണ്ട്. ഗൃഹത്തിൽ സമാധാനവും ശ്രേയസ്സും വരും. വിദ്യർഥികൾക്ക് മെച്ചപ്പെട്ട പരീക്ഷാ വിജയവും ആഗ്രഹിച്ച വിഷയങ്ങളിൽ  ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യതയും സിദ്ധിക്കും. ഉദരസംബന്ധമായ ചില അസുഖങ്ങളുണ്ടാക്കാം

മീനം രാശി( പൂരൂരുട്ടാതി 1/4 ഉത്യട്ടാതി , രേവതി )

മീനം രാശിക്കാര്‍ക്ക് ഈ കാലയളവ് അനുകൂലമായി കണക്കാക്കില്ല, പ്രത്യേകിച്ച് കുടുംബവും സാമ്പത്തികവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍. നിങ്ങളുടെ സ്വന്തം കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും ശരിയായ പിന്തുണ നിങ്ങള്‍ക്ക് ലഭിച്ചേക്കില്ല. കുടുംബപരമായ ബാധ്യതകൾ വർധിക്കും. അതുമൂലം കൂടുതൽ പണച്ചെലവ് വരും.എല്ലാ കാര്യത്തിലും ജാഗ്രത വേണം.ഓഫിസിലും ബിസിനസിലും ചെറിയ അശ്രദ്ധ പോലും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. അതിനാൽ ധൃതി പിടിച്ച് ഒന്നും ചെയ്യാതിരിക്കാൻ ശ്രമിക്കുക, സംവാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുക.ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിക്ഷേപങ്ങൾക്ക് അനുകൂലമായ കാലമല്ല. അനാവശ്യ യാത്രകൾ ഒഴിവാക്കുക. ഈശ്വര പ്രാർത്ഥനയിലൂടെ ദോഷഫലങ്ങൾ കുറയ്ക്കാനാകും.

ദോഷപരിഹാരത്തിനും മന:ശാന്തിയ്ക്കുമായി നവഗ്രഹ ക്ഷേതങ്ങളിൽ രാഹു കേതു അർച്ചന നടത്തുക. സർപ്പദൈവങ്ങൾക്ക് വഴിപാട് നടത്തുക, മുടങ്ങാതെ ശിവഭജനം നടത്തുക.ഭദ്രകാളീക്ഷേത്ര ദർശനം കേതു ദോഷത്തിന് പരിഹാരമാണ്

Advertisement