തൊടുപുഴ:സമാനതകളില്ലാത്ത ക്രൂരത, അതും സ്വന്തംമകനോടും കുടുംബത്തോടും, ദൃക്സാക്ഷികളില്ലായിരുന്നെങ്കില് ആരും ഇത് വിശ്വസിക്കുമായിരുന്നില്ല. ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ചുകൊലപ്പെടുത്തിയ ഹമീദ് കൊടുംക്രൂരതയില്‍ ഒരു പുതിയ കഥയാണ്. സ്വത്ത് വീതം വെച്ച് നല്‍കിയിട്ടും മകന് തന്നെ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഹമീദ്മൊഴി നല്‍കിയതായി പൊലിസ് പറഞ്ഞു.വ്യക്തമായ പദ്ധതിയിട്ടായിരുന്നു കൊലപാതകം.
ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍ (49), ഭാര്യ ഷീബ (40), മക്കളായ മെഹ്റ (16), അസ്ന (13) എന്നിവരാണ് മരിച്ചത്.
ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നതെന്നും തിരിച്ചു വന്ന ശേഷമാണ് ആണ്‍മക്കളുമായും പ്രശ്നം തുടങ്ങിയതെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്.
രാത്രി 12.30ഓടെ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ഹമീദ് ജനലിലൂടെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സ്വത്തുക്കളെല്ലാം രണ്ട് ആണ് മക്കള്‍ക്കും നേരത്തെ എഴുതികൊടുത്തു. സ്വത്ത് കിട്ടിയ ശേഷം ഇവര്‍ തന്നെ നോക്കിയില്ലെന്നും ഹമീദ് ആരോപിക്കുന്നു.
തറവാട് വീടും അതിനോട് ചേര്‍ന്ന പറമ്ബും മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. തന്നെ സംരക്ഷിക്കാമെന്നും പറമ്ബിലെ ആദായം എടുക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് തറവാട് വീടും പറമ്ബും ഫൈസലിന് നല്‍കിയത്. എന്നാല്‍ ഫൈസല്‍ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലിയാണ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതെന്നുമാണ് ഹമീദിന്റെ മൊഴി. ഇന്നലെ രാവിലെ ഹമീദും മകനും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. പിന്നാലെ രാത്രി എത്തി ഹമീദ് കൃത്യം നടത്തുകയായിരുന്നുവെന്ന് പൊലിസും അറിയിച്ചു.
വീട് പുറത്തുനിന്നും പൂട്ടി, വാട്ടര്‍ ടാങ്കിലെ ജലം തുറന്നുവിട്ടു. പെട്രോള്‍ കുപ്പികളില്നിറച്ച് ബോംബുപോലെ തയ്യാറാക്കി. അന്യരോട്പോലും ഒരാള്കാട്ടാനറയ്ക്കുന്ന ക്രൂരത സ്വന്തം മകനോടും കുടുംബത്തോടും എങ്ങനെ ചെയ്യാനായതെന്ന അമ്പരപ്പിലാണ് സ്ഥലവാസികള്‍. തീയാളിപ്പടര്‍ന്നപ്പോള്‍ പുറത്തുകടക്കാനാവാതെ വീടിന്റെ ബാത്ത്റൂമില്‍ അഭയം തേടിയ ഇവരെ അവിടേക്കും അഗ്നി തേടിച്ചെല്ലുകയായിരുന്നു. കുളിമുറിയില്‍ കെട്ടിപ്പിടിച്ച നിലയിലായിരുന്നു നാലു മൃതദേഹങ്ങളും. കൊലപാതകത്തിനുശേഷം സ്ഥലംവിട്ട ഹമീദിനെ ബന്ധുവീട്ടില്‍നിന്നും പൊലീസ് പിടികൂടുകയായിരുന്നു.