കോഴിക്കോട്: 13 വയസുള്ള മകനെ അമ്മ ഉപേക്ഷിച്ചുപോയ സംഭവത്തില്‍ സിദ്ധന്‍ അറസ്റ്റിലായി . കോഴിക്കോട് ബാലുശേരി കായണ്ണയിലാണ് സംഭവം.
മകനെ ഉപേക്ഷിക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതിന് കായണ്ണ മാട്ടനോട് ചാരുപറമ്ബില്‍ രവി(52) എന്നയാളെയാണ് കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഫെബ്രുവരി 12 മുതല്‍ അമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയും പ്രായപൂര്‍ത്തിയാകാത്ത മകനെ ഉപേക്ഷിച്ച് പോയതിന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ ബാലനീതി വകുപ്പ് പ്രകാരം യുവതി റിമാന്‍ഡിലായിരുന്നു.

യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രവി 2858 തവണ വിളിച്ചതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് മകനെ ഉപേക്ഷിച്ചത് രവിയുടെ നിര്‍ബന്ധപ്രകാരമാണെന്ന് വ്യക്തമായത്. ഇതോടെയാണ് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മകനെ ഉപേക്ഷിച്ചുപോയ യുവതി, രവിയ്‌ക്കൊപ്പം താമസിച്ചതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

വീടിനോട് ചേര്‍ന്ന് ക്ഷേത്രം പണിത്, പ്രശ്‌ന പരിഹാരം നിര്‍ദേശിക്കുന്നയാളാണ് രവി. ഇയാളെ കാണാന്‍ ദിവസവും നിരവധിയാളുകള്‍ ഇവിടെ എത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിധവകളും ഭര്‍ത്താവ് ഉപേക്ഷിച്ചവരുമായ നിരവധി സ്ത്രീകള്‍ രവിയെ കാണാനെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വന്ന സ്ത്രീകളെ രവി ഇംഗിതങ്ങള്‍ക്ക്വിധേയരാക്കുകയും ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി്.

സിദ്ധന്‍ അറസ്റ്റിലായ വിവരം അറിയാതെ നിരവധി പേരാണ് കഴിഞ്ഞ ദിവസവും ദര്‍ശനം തേടി എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഭക്തര്‍ ഇവിടേക്ക് എത്തുന്നത്. സിദ്ധനെ കാണാന്‍ എത്തിയവരോട് ടൂറിലാണെന്ന മറുപടിയാണ് രവിയുടെ അനുയായികള്‍ നല്‍കിയത്. കാക്കൂര്‍ ഇന്‍സ്‌പെക്ടര്‍ ബി കെ സിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്ഐ എം അബ്ദുല്‍ സലാം, എഎസ്ഐ കെ കെ രാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുജാത, റിയാസ്, ബിജേഷ്, സുബിജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് രവിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.