മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയാകും. നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ്
രാജ്യസഭയിലേക്ക് കോൺഗ്രസിന്റെ ഒരു വനിതാ അംഗം എത്തുന്നത്.രാജ്യസഭാ സ്ഥാനാർത്ഥിത്വം ഒരു നിയോഗമായി കാണുന്നുവെന്ന് ജെബി മേത്തർ പറഞ്ഞു

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമം.
ഒടുവിൽ കെപിസിസി നൽകിയ പട്ടികയിൽ നിന്നും ഹൈക്കമാന്റ് ജെബി മേത്തറെ തെരെഞ്ഞെടുത്തു. രാത്രി വൈകിയാണ് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറെ രാജ്യസഭാ സ്ഥാനാർത്ഥിയായി അംഗീകരിച്ചുകൊണ്ടുള്ള സോണിയ ഗാന്ധിയുടെ ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങിയത്.
എം.ലിജുവിനായി കെ സുധാകരൻ അവസാനം വരെ ചരടുവലിച്ചിരുന്നെങ്കിലും വനിത, ന്യൂനപക്ഷ പ്രാതിനിധ്യം എന്നീ ഘടകങ്ങൾ ജെബി മേത്തറിന് അനുകൂലമായി.
വിശാലമായ സംഘടന പാരമ്പര്യമാണ് ജെബി മേത്തറുടെ കരുത്ത്.
കോൺഗ്രസ് നേതാവ്‌ കെ.എം.ഐ മേത്തറുടെ മകളും, മുൻ കെപിസിസി പ്രസിഡണ്ട് ടി.ഒ ബാവയുടെ കൊച്ചു മകളുമായ ജെബി മേത്തറുടെ രാഷ്ട്രീയ പ്രവേശം കെഎസ്.യുവിലൂടെ.
2016 മുതൽ 4 വര്ഷം യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ സെക്രട്ടറി.കെപിസിസി സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴാണ് ലതികാസുഭാഷിന്റെ അപ്രതീക്ഷിത രാജിയിൽ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ജെബി മേത്തറിന് വഴി തെളിഞ്ഞത്.
ഒടുവിൽ ആലുവ നഗരസഭ ഉപാധ്യക്ഷ സ്ഥാനത്ത് നിന്നും രാജ്യസഭയിലേക്ക്‌ സർപ്രൈസ് എൻട്രി. ഇടതുപക്ഷം വെല്ലുവിളി ഉയര്‍ത്തുന്ന വനിതാപ്രാതിനിധ്യം യുവത്വം ന്യൂനപക്ഷ പരിഗണന എന്നിവയില്‍ കുറ്റം പറയാനാവാത്ത തലത്തിലേക്ക് ഉയരാനായി എന്നേ ഇനി മുതിര്‍ന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് സമാധാനിക്കാനാവൂ.
പറഞ്ഞുകേട്ട പല പേരുകളും തഴഞ്ഞ് ഹൈക്കമാന്റ് ജെബി മേത്തറിലേക്ക് എത്തുമ്പോൾ ഇനി അറിയേണ്ടത് കോൺഗ്രസിനുള്ളിലെ പ്രതിഫലനങ്ങളാണ്.