ഇന്നത്തെ വാർത്തകൾ ഇങ്ങനെ

👆തിരുവനന്തപുരത്ത് കെ റെയിൽ സർവേ കല്ലുകൾ വലിച്ചുപറിച്ച് യുഡിഎഫ് നേതാക്കൾ. യുഡിഎഫ് കൺവീനർ എം എം ഹസനാണ് സർവേ കല്ലുകൾ പിഴുതുമാറ്റുന്നതിന് നേതൃത്വം നൽകിയത്. നടക്കാൻ സാധ്യതയില്ലാത്ത പദ്ധതിക്ക് അന്യായമായി ഭൂമി ഏറ്റെടുക്കുകയാണെന്നും ആളുകളെ പെരുവഴിയിലിറക്കാൻ അനുവദിക്കില്ലെന്നും എം എം ഹസൻ പറഞ്ഞു

👆കെ റെയില്‍ കെ കലാപമായി മാറുന്നു. ഇന്ന് കോഴിക്കോട്ടെ കല്ലായിയിലാണു സംഘര്‍ഷം. കെ റെയിലിനായി മാടപ്പള്ളിയില്‍ പോലീസ് നരനായാട്ടു നടത്തിയെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചങ്ങനാശേരി മാടപ്പള്ളിയില്‍ പോലീസ് നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളംമൂലം സഭാനടപടികള്‍ അല്‍പനേരം നിര്‍ത്തിവച്ചു. ബഹളം തുടര്‍ന്ന പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് വാക്കൗട്ട് നടത്തി.

👆 കെ റെയിൽ സമരത്തി’നെതിരെ നടന്ന പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിച്ചു. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഇന്നും സംഘര്‍ഷമുണ്ടായി. പോലീസിന്റെ അതിക്രമങ്ങളില്‍ പരിക്കേറ്റവരെ യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു. ഇന്നലെ മാടപ്പള്ളിയില്‍ സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ നീക്കം ചെയ്ത നിലയിലാണ്.

👆കോഴിക്കോട് കല്ലായിയില്‍ കെ റെയില്‍ കല്ലിടലിനെതിരേ വന്‍ പ്രതിഷേധം. സ്ത്രീകള്‍ അടക്കമുള്ളവരാണ് സമരത്തിനിറങ്ങിയത്. പ്രതിഷേധ സമരക്കാരെ നേരിടാനെത്തിയ പോലീസുമായി ഉന്തും തള്ളുമുണ്ടായി. എല്ലാവരേയും അറസ്റ്റു ചെയ്തു നീക്കാന്‍ തുടങ്ങിയെങ്കിലും കൂടുതല്‍ ജനക്കൂട്ടം എത്തിയതോടെ പോലീസ് അറസ്റ്റ് ഒഴിവാക്കി.

👆അധികാര ധാര്‍ഷ്ട്യവും ധിക്കാരവും മൂലം മുഖ്യമന്ത്രി പിണറായി വിജയന് കണ്ണുകാണാനാവാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ റെയിലിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരേ അപവാദ പ്രചാരണം നടത്തുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ജനങ്ങളെ ഉപദ്രവിക്കരുതെന്നും സര്‍ക്കാരിനെ ഉപദേശിക്കാനില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

👆കേരളത്തിൽ ഇന്ന് 847 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട 49, തൃശൂർ 49, കണ്ണൂർ 39, വയനാട് 37, പാലക്കാട് 35, മലപ്പുറം 28, ആലപ്പുഴ 16, കാസർഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

👆കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക് സിറ്റിയില്‍ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. ഫൈജുല്‍, കൂടൂസ്, നൗജേഷ്, നൂറാമിന്‍ എന്നീ ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് വിവരം. ഇലക്‌ട്രോണിക് സിറ്റിനിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

👆മണ്ണിനുള്ളില്‍ നിന്നും ആദ്യം രക്ഷപ്പെടുത്തിയ രണ്ട് പേരുടെ നില തൃപ്തികരമാണ്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴ് തൊഴിലാളികളാണ് മണ്ണിനടിയില്‍ കുടുങ്ങിയതെന്നാണ് വിവരം. ഇതില്‍ ആറു പേരെ പുറത്തെടുത്തു. ഒരാള്‍ക്കായി തിരച്ചിലില്‍ തുടരുകയാണ്.
അവസാനം പുറത്തെടുത്തവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.

👆കാന്ധഹാറില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ അഞ്ചംഗ സംഘത്തിലെ ഒരു ഭീകരനെകൂടി കറാച്ചിയില്‍ അജ്ഞാത സംഘം വെടിവച്ചുകൊന്നു. കാന്ധഹാര്‍ വിമാന റാഞ്ചല്‍ കേസിലെ പ്രതി സഫറുള്ള ജമാലിനെയാണ് വെടിവച്ചു കൊന്നത്. മറ്റൊരു ഭീകരന്‍ സഹൂര്‍ മിസ്ത്രി എന്ന സാഹിദ് അഖുന്ദിനെ മാര്‍ച്ച് ഒന്നിന് ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവച്ചു കൊന്നിരുന്നു.

👆1999 ലാണ് കഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി-814 വിമാനം തോക്കുകളുമായെത്തിയ അഞ്ചു പാക് ഭീകരര്‍ റാഞ്ചി വിമാനം കാന്ധഹാറിലേക്ക് കൊണ്ടുപോയത്. 176 യാത്രക്കാരെ ഏഴു ദിവസത്തോളം ഭീകരര്‍ ബന്ദികളാക്കി. റാഞ്ചികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഏതാനും ഭീകരരെ ജയിലില്‍നിന്ന് മോചിപ്പിച്ചാണ് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.

👆കൊടുങ്ങല്ലൂരില്‍ മുന്‍ ജീവനക്കാരന്‍ തുണിക്കട ഉടമയായ യുവതിയെ വെട്ടിക്കൊന്നു. വിളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സിയാണ് മരിച്ചത്. മുപ്പതിലേറെ വെട്ടുകളാണ് റിന്‍സിയുടെ ശരീരത്തിലുള്ളത്. പ്രതി റിയാസ് ഒളിവിലാണ്. ഇന്നലെ രാത്രി കടയടച്ച് രണ്ടു മക്കളുമൊന്നിച്ചു സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോഴാണ് റിയാസ് തടഞ്ഞുനിര്‍ത്തി വെട്ടിയത്. . ഇന്നു രാവിലെ യുവതി മരിക്കുകയായിരുന്നു.

👆കോട്ടയത്ത് വീട്ടമ്മയെ പിന്തുടര്‍ന്ന് റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഫോണ്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ഒളശ്ശ വേലംകുളം സ്വദേശി 21 കാരനായ രാഹുല്‍ രാജീവിനെയാണ് പൊലീസ് പിടികൂടിയത്. മാര്‍ച്ച് 15 ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഗൂഗിള്‍ പേ ചെയ്യാനെന്ന വ്യാജേന സ്ത്രീയുടെ നമ്പര്‍ കൈക്കലാക്കിയ പ്രതി, അവരെ ഫോണില്‍ വിളിച്ച് വീടും സ്ഥലവും മനസിലാക്കിയ ശേഷം വൈകീട്ട് ബസില്‍ പിന്തുടര്‍ന്നാണ് പീഡിപ്പിച്ചത്.

👆കോഴിക്കോട് നഗരത്തില്‍ യുവതിക്കുനേരെ ആസിഡ് ആക്രമണം. ആക്രമിച്ച വിഷ്ണു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊറ്റമ്മല്‍ മദര്‍ ഒപ്റ്റിക്കല്‍സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മൃദുല എന്ന 22 കാരിക്കാണ് ആക്രമണത്തില്‍ പൊള്ളലേറ്റത്.

👆എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി. ഇന്നുച്ചയ്ക്കു രണ്ടരയോടെയാണ് സിപിഎമ്മിന്റെ എ.എ. റഹീം, സിപിഐയുടെ പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ പത്രിക നല്‍കിയത്. കോണ്‍ഗ്രസിനുള്ള സീറ്റില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനായിട്ടില്ല.

👆കൊച്ചി മെട്രോയുടെ തൂണിന്റെ പൈലിങ് ഭൂമിക്കടിയിലെ പാറയില്‍ ഉറപ്പിക്കാത്തതിനാലാണ് പത്തടിപ്പാലത്തെ 347 ാം നമ്പര്‍ തൂണു ചരിഞ്ഞതെന്ന് ജിയോ ടെക്നിക്കല്‍ പഠന റിപ്പോര്‍ട്ട്. ഒരു മീറ്റര്‍ കൂടി താഴ്ത്തിയിരുന്നെങ്കില്‍ പാറയില്‍ ഉറപ്പിക്കാമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയൊരു പിഴവ് എങ്ങനെ സംഭവിച്ചെന്നു മനസിലാകുന്നില്ലെന്നും പരിശോധിക്കുമെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍.

👆പാലക്കാട് ധോണിയിലെ ജനവാസ മേഖലയിലിറങ്ങിയ പുലി കുടുങ്ങി. വെട്ടം തടത്തില്‍ ടി ജി മാണിയുടെ വീട്ടില്‍ വനം വകുപ്പ് സ്ഥാപിച്ച കുട്ടില്‍ കുടുങ്ങിയ പുലിയെ വനത്തില്‍ തുറന്നുവിടും. പുലിക്കൂട് നീക്കുന്നതിനിടെ പുതുപ്പരിയാരം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണനെ പുലി മാന്തി.

👆ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചെന്നു പോലീസ് ആരോപിക്കുന്ന സൈബര്‍ വിദഗ്ധന്‍ സായി ശങ്കര്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായില്ല. ദേഹാസ്വാസ്ഥ്യം ഉണ്ടെന്നും പത്തു ദിവസത്തെ സാവകാശം വേണമെന്നും മറുപടി നല്‍കി. ഇതേസമയം രാമന്‍ പിള്ള ഉള്‍പ്പെടെ ദിലീപിന്റെ അഭിഭാഷകരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്.

👆കോഴിക്കോട് പാലാഴിയിലും മാതമംഗലം മോഡല്‍ ചുമട്ടുതൊഴിലാളി സമരം. മലപ്പുറം സ്വദേശി കോടികള്‍ മുടക്കി തുടങ്ങിയ മൊത്തകച്ചവട സ്ഥാപനത്തിനു മുന്നില്‍ രണ്ടു മാസമായി ചുമട്ടുതൊഴിലാളികള്‍ കുടില്‍കെട്ടി സമരം തുടരുകയാണ്. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയണെന്ന് ഉടമ പറഞ്ഞു.

👆ചുമട്ടു തൊഴിലാളി യൂണിയനുകളുടെ ഭീഷണിമൂലം സ്ഥാപനം അടച്ചുപൂട്ടലിനൊരുങ്ങി കൊല്ലം ചാത്തന്നൂരിലെ പ്രവാസി വ്യവസായി. പൂര്‍ണമായും യന്ത്രവല്‍ക്കരിച്ച സ്റ്റീല്‍ ഹാര്‍ഡ് വെയര്‍ വില്‍പന കേന്ദ്രത്തിലാണ് തൊഴില്‍ നിഷേധിച്ചെന്ന് ആരോപിച്ച് സിഐടിയുവും എഐടിയുസിയും പ്രശ്നങ്ങളുണ്ടാക്കുന്നത്. ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും നടപ്പാകുന്നില്ല.

👆കുറഞ്ഞ വിലയ്ക്കു ഭക്ഷണം നല്‍കുന്ന ജനകീയ ഹോട്ടലിന്റെ കിണറില്‍ സോപ്പുപൊടി കലക്കിയ അയലത്തെ ഹോട്ടലുടമ അറസ്റ്റിലായി. വയനാട് വെണ്ണിയോടാണ് സംഭവം. വെണ്ണിയോട് കരിഞ്ഞക്കുന്ന് ബാണപ്രവന്‍ മമ്മൂട്ടി എന്ന അന്‍പത്തെട്ടുകാരനാണ് പിടിയിലായത്.

👆മുല്ലപ്പെരിയാര്‍ ഡാമിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ വനം വകുപ്പും കേസെടുത്തു. അനുവാദം ഇല്ലാതെ അണക്കെട്ടിലേക്കു പോയതിനാണ് കേസ്. രണ്ട് റിട്ടയര്‍ഡ് എസ്ഐമാരടക്കം നാലു പേര്‍ക്കെതിരെയാണ് കേസ്. ഇവരെ കടത്തി വിട്ട തേക്കടിയിലെ വനപാലകര്‍ക്കെതിരെയും നടപടി ഉണ്ടാകും.

👆മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ യൂട്യൂബ് ചാനല്‍ വഴി അവതരിപ്പിച്ചയാള്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര കണിയാംകുളം സ്വദേശി ബാദുഷ ജമാല്‍ ആണ് അറസ്റ്റിലായത്. ഡെമോക്രസി എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ഇയാളുടെ കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു.

👆വിവാദ വണ്‍, ടു, ത്രീ പ്രസംഗത്തിലൂടെ പുനരന്വേഷണത്തിന് ഉത്തരവിട്ട അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എം.എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. നേരത്തെ എം.എം.മണിയുടെ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു. അപ്പീല്‍ നല്‍കുമെന്ന് ബേബിയുടെ കുടുംബാംഗങ്ങള്‍.

👆പാലക്കാട് വാളയാറില്‍ 170 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍. തിരൂര്‍ സ്വദേശികളായ നൗഫല്‍, ഫൈസല്‍, ഷാഹിദ് എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര പ്രദേശില്‍ നിന്ന് കോട്ടക്കലിലേക്ക് ലോറിയുടെ റൂഫ് ടോപ്പില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

👆സില്‍വര്‍ലൈന്‍ സമരത്തിന്റെ പുതിയ അധ്യായം തുടങ്ങിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. നാളെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരില്‍ നടക്കും. എല്ലാ സമരസ്ഥലത്തും യുഡിഎഫ് നേതാക്കള്‍ ഉണ്ടാകും.

👆പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങള്‍ പൊലീസിനെക്കൊണ്ട് അടിച്ചമര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. വി.ഡി സതീശന്‍ മാടപ്പള്ളിയില്‍ പറഞ്ഞു.

👆സില്‍വര്‍ ലൈനിനായി നിര്‍മിക്കുന്ന അതിരും മതിലും കേരളത്തെ പിളര്‍ക്കുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. മതിലുകള്‍ നദികളുടെ നീരൊഴുക്ക് കുറയ്ക്കും. നാടിന്റെ സമ്പത്ത് വ്യവസ്ഥ തകര്‍ക്കുന്ന പദ്ധതിയാണിത് ബിജെപിയുടെ കെ റെയില്‍ വിരുദ്ധ യാത്ര കുന്നംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

👆കെ റെയിലിനെതിരെയുള്ള സമരം യുഡിഎഫ് ഏറ്റെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയുള്ളവരെ പൊലീസ് മര്‍ദ്ദിച്ചു. സ്ത്രീവിരുദ്ധ സര്‍ക്കാരാണിത്.

👆സില്‍വര്‍ ലൈന്‍ പദ്ധതിക്കു സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡിപിആര്‍ തയ്യാറാക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ചങ്ങനാശേരിയിലെ പോലീസ് നടപടി കാടത്തമാണ്.

👆രാഷ്ട്ര പുനര്‍നിര്‍മാണത്തിന് മാധ്യമങ്ങള്‍ക്കു വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭൂമി ദിനപത്രത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മാതൃഭൂമിയുടെ ചരിത്രം രാജ്യത്തിന്റെ തന്നെ ചരിത്രത്തിനൊപ്പം നില്‍ക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

👆തിരുവനന്തപുരം വിതുരയില്‍ 40,500 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് പിടികൂടിയത്. നാലു പേരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു.

👆ഇടുക്കി പള്ളിവാസലില്‍ കാടു വെട്ടിത്തെളിച്ചതിന്റെ കരാര്‍ തുക തരാതെ അടിമാലി സ്വദേശി വഞ്ചിച്ചെന്നാരോപിച്ച് സിപിഐ പ്രവര്‍ത്തകന്‍ ആത്മഹത്യക്കു ശ്രമിച്ചു. കരാറില്‍ ഇടനിലക്കാരായിരുന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രനും സിപിഐ നേതാവും മാനസികമായി പീഡിപ്പിച്ചെന്നും ആരോപണമുണ്ട്.

👆മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം. ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മല്‍താഴ ദാമോദരന്‍- പ്രേമലത ദമ്പതികളുടെ വീട്ടിലാണ് മോഷ്ടാക്കള്‍ കയറിയത്. വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ സാധനങ്ങള്‍ പുറത്തേക്കു വാരി വലിച്ചിട്ടു. വീട്ടിലെ സിസിടിവി ക്യാമറകള്‍ തകര്‍ത്തു .

👆രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് ഇന്നു വൈകുന്നേരം തിരുവനന്തപുരത്തു തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

👆രണ്ടു ലക്ഷം രൂപയുടെ ഗ്രാഫിക്‌സ് കാര്‍ഡ് പണമടച്ച് ഓര്‍ഡര്‍ ചെയ്തിട്ടും ഓണ്‍ലൈന്‍ വ്യാപര ശൃംഖലയായ ആമസോണ്‍ തന്നില്ലെന്ന പരാതിയുമായി വയനാട് സ്വദേശി വിഷ്ണു. ഉല്‍പന്നം കൈപറ്റിയെന്നാണ് ആമസോണ്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ തനിക്ക് ഉത്പന്നം കിട്ടിയില്ലെന്നു കാണിച്ച് യുവാവ് സൈബര്‍ പോലീസിലും ഉപഭോക്തൃ കോടതിയിലും പരാതി നല്‍കി.

👆എകെ ആന്റണി എംപിക്ക് ലോക്മത് പുരസ്‌കാരം. പാര്‍ലമെന്റില്‍ നല്‍കിയ മികച്ച സംഭാവനകള്‍ക്കുള്ള പുരസ്‌കാരത്തിന് എട്ടുപേരാണ് അര്‍ഹരായത്. ആന്റണിക്കു പുറമേ, ഭര്‍തൃഹരി മെഹ്താബിനും ആജീവനാന്ത പുരസ്‌കാരമാണ്.

👆 നിറങ്ങളുടെ ഉല്‍സവമായ ഹോളിയോടനുബന്ധിച്ച് ആദ്യദിനമായ ഇന്നു വൈകുന്നേരം ഹോളിക ദഹന്‍ ചടങ്ങില്‍ പങ്കെടുത്ത് ജീവിത വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു. നിറങ്ങള്‍ വാരിയണിയുന്ന ആഘോഷം നാളെയാണ്. മധുരപലഹാരങ്ങളും സമ്മാനങ്ങളുമെല്ലാം കൈമാറിയാണ് ആഘോഷം.

👆കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഗ്രൂപ്പ് 23 നേതാക്കളുമായുള്ള ചര്‍ച്ച മൂന്നാം ദിവസവും തുടര്‍ന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിന്റെ വിശദാംശങ്ങള്‍ ഗുലാം നബി ആസാദ് സോണിയ ഗാന്ധിയുമായി പങ്കുവച്ചിരുന്നു. രാഹുല്‍ ഗാന്ധിയും ചര്‍ച്ചക്ക് തയ്യാറായിട്ടുണ്ട്. പോരാട്ടം സോണിയ ഗാന്ധിക്കോ ഗാന്ധി കുടുംബത്തിനോ എതിരല്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന നേതൃമാറ്റത്തിനാണ് ശ്രമമെന്നും ജി 23 നേതാക്കള്‍.

👆തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരി. മോദിയല്ല, കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ളവരാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നതെന്നും മനീഷ് തിവാരി വിമര്‍ശിച്ചു. പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ദുവാണ് പാര്‍ട്ടിയെ തകര്‍ത്തത്.

👆ലൈംഗികാതി
ക്രമത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടിട്ടും നീതി ലഭിക്കാതെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു പരാതി നല്‍കിയ പതിനേഴുകാരിക്കു ഞൊടിയിടയില്‍ നീതി. പ്രതികളായ മൂന്ന് പേരെ മൂന്നു മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍പ്പേട്ട് കല്‍പാക്കം സ്വദേശിയായ പെണ്‍കുട്ടിയാണ് ബന്ധുക്കളില്‍ നിന്നുള്ള അക്രമം സഹിക്കാനാകാതെ പൊലീസില്‍ പരാതിപ്പെട്ടിട്ടും ഫലമില്ലാതെ മുഖ്യമന്ത്രിയെ സമീപിച്ചത്.

👆ജമ്മുകശ്മീര്‍ വഖഫ് അധ്യക്ഷയായി ബിജെപിയുടെ വനിത നേതാവ് ഡോ. ദരക്ഷന്‍ അന്ദ്രാബി സ്ഥാനമേറ്റു. ബിജെപിയുടെ ദേശീയ കൗണ്‍സില്‍ അംഗമാണ് ഡോ. ദരക്ഷന്‍ അന്ദ്രാബി. വഖഫ് ബോര്‍ഡിനെ നയിക്കുന്ന ആദ്യ വനിതയാണ് അന്ദ്രാബി.

👆കുവൈറ്റില്‍ ഞായറാഴ്ച മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിക്കും. മൂന്നു മാസം കാലാവധിയുള്ള വിസകളാവും അനുവദിക്കുക.

👆പോളണ്ടിന്റെ കരോലിന ബിലാവ്സ്‌ക ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. യുഎസിനെ പ്രതിനിധാനം ചെയ്ത ഇന്ത്യന്‍ വംശജ ശ്രീ സെയ്നിയാണ് ഫസ്റ്റ് റണ്ണറപ്പ്. ഹൈദരാബാദ് സ്വദേശിനിയായ മാനസ വാരാണസിയാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്.