ഇടുക്കി. അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണി കുറ്റവിമുക്തന്‍,മണി ഉള്‍പ്പെടെ മൂന്നുപേരെയാണ് കോടതി കുറ്റവിമുക്തനാക്കിയത്.വിടുതല്‍ ഹര്‍ജി ഹൈക്കോടതി ശരിവച്ചു. പാര്‍ട്ടിക്കെതിരായി നിന്നവരെ വണ്‍ടൂത്രീ എന്ന് തട്ടിയെന്ന കൊലവിളിപ്രസംഗത്തിനുശേഷമാണ് മന്ത്രിയെ പ്രതിയാക്കി കേസ് എടുത്തത്.

ഉടുമ്പഞ്ചോലയിലെ യൂത്ത്‌കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റായിരുന്ന ബേബിയെ 1982 നവംബര്‍ 13ന് ആണ് വെടിവച്ചു കൊലപ്പെടുത്തിയത്. അതിന്റെ രാഷ്ട്രീയ സാഹചര്യം വെളിവാക്കിയ വാക്കുകളാണ് മണിയെ കുടുക്കിയത്. ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസിലാണ് മുന്‍മന്ത്രി കൂടിയായ എം.എം.മണിയടക്കം മൂന്ന് പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. നേരത്തെ സെഷൻസ് കോടതിയെ എം.എം.മണി വിടുതൽ ഹർജിയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് പ്രതികള്‍ അപ്പീൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. എം.എം. മണിയെ കൂടാെ ഒ.ജി.മദനനൻ, പാമ്പുപാറ കുട്ടൻ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികൾ. അതേസമയം കേസില്‍ പ്രോസിക്യൂഷന്‍ ഒത്തുകളിച്ചെന്നും അപ്പീല്‍ നല്‍കുമെന്നും അഞ്ചേരി ബേബിയുടെ സഹോദരന്‍ അഞ്ചേരി ജോര്‍ജ്ജ് പ്രതികരിച്ചു.

2012 മെയിൽ ഇടുക്കി മണക്കാട് നടത്തിയ വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസില്‍ മണി പ്രതിയാവുന്നത്. കുപ്രസിദ്ധമായ 1,2,3 പ്രസംഗത്തെത്തുടര്‍ന്ന് 1982-ലെ കൊലപാതക കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറിൽ എംഎം മണിയടക്കമുള്ള മൂന്ന് നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തു. ഇടുക്കിയിലെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത എം.എം.മണിക്കും കൂട്ടുപ്രതികൾക്കും 46 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു.