കോട്ടയം . വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം, ഫോൺ മോഷ്ടിച്ചു കടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഒളശ്ശ വേലംകുളം രാഹുൽ രാജീവ് (21) ആണു പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഏഴേകാലോടെയാണു സംഭവം.

ഗൂഗിൾ പേ ചെയ്യാനെന്ന് പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ രാഹുൽ കൈക്കലാക്കി. തുടർന്നു ഫോൺ വിളിച്ച് താമസ സ്ഥലവും കുടുംബസാഹചര്യവും മനസ്സിലാക്കിയ പ്രതി കോട്ടയത്തു നിന്നു വീട്ടമ്മയെ ബസിൽ പിന്തുടർന്നു. വീട്ടമ്മ ഇറങ്ങേണ്ട ബസ് സ്റ്റോപ്പിനു മുൻപ് ഇറങ്ങിയ പ്രതി ഓട്ടോയിൽ ബസിനെ പിന്തുടർന്നു.

ഇടവഴിയിലൂടെ വീട്ടിലേക്കു പോയ വീട്ടമ്മയെ പിന്നാലെ എത്തിയ പ്രതി അടുത്തു ള്ള റബർത്തോട്ടത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. വീട്ടമ്മ ബഹളം വയ്ക്കുകയും ഫോണിൽ നിന്നു ഭർത്താവിനെ വിളിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഫോൺ പിടിച്ചു വാങ്ങി.

ഇതിനിടെ ഓടി രക്ഷപ്പെട്ട വീട്ടമ്മയെ ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരാണു രക്ഷ പ്പെടുത്തിയത്. യുവാക്കൾ പ്രതിയെ റബർത്തോട്ടത്തിൽ തിരഞ്ഞെങ്കിലും അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. സൈബർസെല്ലിന്‍റെ സഹായത്തോടെയാണ് പ്രതിയുടെ ഫോൺ നമ്പർ പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ഒളശ്ശയിലുള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു.