ചങ്ങനാശ്ശേരി: കെ റെയിൽ പ്രതിഷേധക്കാർക്കെതിരെ ചങ്ങനാശ്ശേരി മടപ്പള്ളിയിൽ ഇന്നലെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനശ്ശേരിയിൽ രാവിലെ തുടങ്ങിയ ഹർത്താൽ പുരോഗമിക്കുന്നു.
രാവിലെ ആറുമുതല്‍ മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കെ റെയില്‍ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്തസമരസമിതി.
വാഹനങ്ങളെ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കും. 10 മണിക്ക് ചങ്ങനാശ്ശേരി നഗരത്തില്‍ സംയുക്തസമരസമിതി പ്രകടനം നടത്തും. പ്രാദേശികതലത്തിലും പ്രകടനങ്ങള്‍ നടത്തുമെന്ന് സമരസമിതി അറിയിച്ചു. 12 മണിക്ക് മാടപ്പള്ളിയില്‍ പ്രതിഷേധയോഗവും നടക്കും. മാടപ്പള്ളിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്
കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് പൊലീസുകാരുമായുള്ള സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. നാട്ടുകാര്‍ക്ക് നേരെ പൊലീസിന്റെ ബലപ്രയോഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച്‌ നീക്കിയതിലും അറസ്റ്റ് ചെയ്തതിലും വൻ പ്രതിഷേധമാണുണ്ടായത്.