തിരുവനന്തപുരം :-മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ സ്വാധീന ഫലമായി മദ്യപിച്ച് വാഹനമോടിച്ചെന്ന കള്ള സർട്ടിഫിക്കേറ്റ് കരസ്ഥമാക്കി വിരമിച്ച എസ് ഐ യെ കള്ളക്കേസിൽ കുരുക്കിയെന്ന പരാതിയിൽ ആറ്റിങ്ങൽ കോടതിയിൽ നടക്കുന്ന കേസിന്റെ വിചാരണ നിർത്തിവയ്പ്പിച്ച് തുടരന്വേഷണം നടത്തണമെന്ന്   സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 

          കേസന്വേഷണം ആറ്റിങ്ങൽ സബ് ഡിവിഷനിൽ നിന്നും മാറ്റി തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യെ ഏൽപ്പിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.  ഉത്തരവിൻമേൽ സ്വീകരിച്ച നടപടികൾ മേയ് 5 നകം കമ്മീഷനെ അറിയിക്കണം. 

          2019 മേയ് 30 ന് ഉച്ചക്ക് നാവായിക്കുളം 28 mw മൈലിൽ നടന്ന വാഹനാപകടത്തിലാണ് മുൻ എസ് ഐ മണമ്പൂർ സ്വദേശി ജി. ഗോപാലകൃഷ്ണക്കുറുപ്പിനെ പ്രതിയാക്കി കല്ലംമ്പലം പോലീസ് ക്രൈം 714/19 നമ്പരായി കേസെടുത്തത്.  രക്ത പരിശോധന നടത്താതെയാണ് മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ താൻ മദ്യപിച്ചതായി സർട്ടിഫിക്കേറ്റ് നൽകിയതെന്നാണ് പരാതി.  ആറ്റിങ്ങൽ മോട്ടോർ വെഹിക്കിൾ  ഇൻസ്പെക്ടറുടെ സ്വാധീനത്തിന് വഴങ്ങിയാണ് കല്ലമ്പലം സി ഐ ഇങ്ങനെ പ്രവർത്തിച്ചതെന്നും പരാതിയിൽ പറയുന്നു.  ഗോപാലകൃഷ്ണക്കുറുപ്പാണ് പരാതിക്കാരൻ. 

          സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് സമർപ്പിച്ച റിപ്പോർട്ട് വിശ്വസനീയമാകാത്തതിനെ തുടർന്ന് കമ്മീഷന്റ അന്വേഷണ വിഭാഗം അന്വേഷിച്ചു.  പരാതിക്കാരന്റെ ശ്വാസത്തിൽ മദ്യത്തിന്റെ ഗന്ധമുണെന്നാണ് ഡോക്ടർ രേഖപ്പെടുത്തിയതെന്നും രക്ത പരിശോധന നടത്താത്തത് സർട്ടിഫിക്കേറ്റിന്റെ വിശ്വാസ്യത
ഇല്ലാതാക്കിയതെന്നും കമ്മീഷൻ അന്വേഷണ വിഭാഗം കണ്ടെത്തി.

      അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ആർ സി ഉടമ ആറ്റിങ്ങൽ  എം വി ഐ യുടെ ഭാര്യാപിതാവാണെന്നും  അപകട സമയത്ത് എം വി ഐ യുടെ ഭാര്യ കാറിലുണ്ടായിരുന്നതായും അന്വേഷണ വിഭാഗം കണ്ടെത്തി.  പരാതിക്കാരനെ പ്രതിയാക്കി അസാധാരണ വേഗത്തിലാണ് കേസ് കോടതിയിലെത്തിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.  ആറ്റിങ്ങൽ എം വി ഐ സംഭവ സമയത്തിന് ശേഷം പോലീസ് സ്റ്റേഷനിലെത്തിയതിനു പിന്നിൽ പോലീസുകാരെ സ്വാധീനിക്കാനുള്ള ഉദ്ദേശമുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കല്ലമ്പലം സ്റ്റേഷനിലെ ക്രൈം 714/19 നമ്പർ കേസ് ദുരൂഹമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 

      പരാതിക്കാരനെ മനപൂർവ്വം പ്രതി ചേർത്തതാണെന്ന വാദത്തിൽ കഴമ്പുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.  കേസിൽ നിരവധി പിഴവുകളും അപാകതകളുമുണ്ടെന്ന് ഉത്തരവിൽ പറയുന്നു.