കോഴിക്കോട്: മാടപ്പള്ളിയിൽ കെ- റെയിൽ പദ്ധതിക്ക് എതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അപലപിച്ചു. സിൽവർ ലൈൻ വിരുദ്ധ ജനകീയ പ്രതിരോധത്തെ അടിച്ചമർത്താമെന്നത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ വ്യാമോഹമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റുചെയ്ത പൊലീസ് നടപടി ഭരണകൂട ഫാസിസമാണ്. അറസ്റ്റുചെയ്ത സമരക്കാരെ ഭീഷണിപ്പെടുത്തുന്ന പൊലീസ് നടപടി കിരാതമാണ്. ജനങ്ങളുടെ വികാരം മനസിലാക്കാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട് പോകാനുള്ള പിണറായി സർക്കാരിൻ്റെ നീക്കം ബിജെപി തടയും. കേരളത്തിൻ്റെ താത്പര്യം സംരക്ഷിച്ച് പദ്ധതിക്ക് അനുമതി നൽകാത്ത കേന്ദ്ര സർക്കാരിൻ്റെ നയം മാതൃകയാക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു.