ഇടുക്കി:
മാറ്റങ്ങളിലൂടെ, മുന്നേറ്റങ്ങളിലൂടെ മാറുന്ന കേരളത്തിന് കാഴ്ചക്കാരാവുകയാണ് നമ്മള്‍. വീണ്ടുമൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് വേദിയാകുകയാണ് കേരളം.
ഇടുക്കി നെടുങ്കണ്ടം സ്വദേശി രശ്മിയും എറണാകുളം ഇരുമ്പനം സ്വദേശി സാജുവുമാണ് വിവാഹിതരായത്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് ഇരുവരും കുടുംബജീവിതത്തില്‍ ഒന്നിക്കുന്നത്.
നീണ്ട രണ്ടു വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. സ്റ്റാര്‍ മേക്കര്‍ എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം സൗഹൃദമാകുകയും പിന്നീട് പ്രണയം തുറന്നു പറയുകയുമായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.
തുടക്കത്തില്‍ വീട്ടുകാരെ പറഞ്ഞുമനസിലാക്കാന്‍ സമയമെടുത്തെങ്കിലും പിന്നീട് തങ്ങളുടെ ഇഷ്ടം മനസിലാക്കി അവരും കൂടെ നില്‍ക്കുകയായിരുന്നു. എല്ലാവരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് ഇരുവരും വിവാഹവേദിയില്‍ എത്തിയത്. സാജു വെല്‍ഡിങ് തൊഴിലാളിയും രശ്മി ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ ഹോസ്റ്റലില്‍ മാനേജരായും ജോലി ചെയ്തുവരുന്നു. കുടുംബാംഗങ്ങളും ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.
ട്രാന്‍സ്ജെന്‍ഡറുകളോടുള്ള സമൂഹത്തിൻ്റെ നിലപാടുകള്‍ ഒട്ടേറെ മാറിയെങ്കിലും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഇത്തരം കാഴ്ചകളും ചേര്‍ത്തുനിര്‍ത്തലുകളും സാധാരണമാകുന്ന, സമൂഹത്തില്‍ എല്ലാവരും തുല്യരാവുന്ന ദിവസത്തിനായി നമുക്ക് കാത്തിരിക്കാം.