തിരുവനന്തപുരം; കായിക ഭാവിയ്ക്കായി കൈകോർത്ത് ടെക്‌നോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എച്ച്‌ ആൻഡ് ആർ ബ്ലോക്ക്.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള സ്‌പോർട്‌സിൽ കഴിവ് തെളിയിച്ച സാമ്പത്തികമായി ബുദ്ധിമുട്ടുന്ന 34 വിദ്യാർഥികൾക്ക് എച്ച്‌ ആൻഡ് ആർ ബ്ലോക്കിന്റെ സി.എസ്.ആർ വിങ് ബ്ലോക്കേഴ്‌സ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ നേതൃത്വത്തിൽ സ്‌പോർട്‌സ് കിറ്റുകൾ നൽകി.

ഫുട്‌ബോൾ, വെയ്റ്റ് ലിഫ്റ്റിങ്, ക്രിക്കറ്റ്, സോഫ്റ്റ്‌ബോൾ, ഹോക്കി, കബഡി, ഹാൻഡ്‌ബോൾ തുടങ്ങിയ കായിക ഇനങ്ങളിൽ കഴിവുതെളിയിച്ച മൂന്ന് നാഷണൽ ലെവൽ താരങ്ങൾ, 15 സ്റ്റേറ്റ് ലെവൽ താരങ്ങൾ, 16 ഡിസ്ട്രിക് ലെവൽ താരങ്ങൾ എന്നിവർക്കാണ് എച്ച്‌ ആൻഡ് ആർ ബ്ലോക്ക് പ്രോത്സാഹനവുമായി എത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സജൻ കെ. വർഗീസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

അർഹരായ കഴിവുള്ള കായിക താരങ്ങളെ ഉയർത്തിക്കൊണ്ടുവരാനുള്ള എച്ച്‌ ആൻഡ് ആർ ബ്ലോക്കിന്റെ ശ്രമങ്ങളെ സജൻ കെ. വർഗീസ് അഭിനന്ദിച്ചു. എച്ച്‌ ആൻഡ് ആർ ബ്ലോക്ക് ഡയറക്ടർ ഹരി പ്രസാദ്, എച്ച്‌ ആൻഡ് ആർ ബ്ലോക്ക് എച്ച്‌ ആർ മനോജ് എലഞ്ഞിക്കൽ എന്നിവർ പങ്കെടുത്തു.